Showing posts with label അനുഭവം. Show all posts
Showing posts with label അനുഭവം. Show all posts

February 10, 2012

നിറമുള്ള ചിറകുകൾ


ചിത്രങ്ങൾക്ക് ജീവൻ നൽകാനാകുമെന്നു ഒരിക്കൽ പോലും അവൾ നിനച്ചിട്ടുണ്ടായിരുന്നില്ല. രണ്ടാം ക്ലാസിലെ മലയാളപാഠപുസ്തകത്തിലെ അവസാന താളിലെ ‘അമ്മ’ എന്ന കവിത അവളുടെ ഓർമ്മയിൽ നിന്നും മറഞ്ഞീരുന്നു.  എങ്കിലും ആ കവിത മനസിൽ കോറിയിട്ട ചിത്രം മായാതെ മങ്ങാതെ അവളുടെ ഓർമ്മതാളിൽ ഉറങ്ങികിടന്നു. ഓമനത്തമുള്ള, ആർക്കും ലാളിക്കാൻ തോന്നുന്ന രൂപത്തിൽ നിന്നും പതുങ്ങി നടക്കുന്നവളും, വലത്തെ കവിളിലെ നുണക്കുഴിയിൽ നാണം നിറച്ചു ചിരിക്കുന്നവളും, പ്രകൃതിയിലെ എല്ലാ നിറങ്ങളെയും തന്റെ നീണ്ട ചുരുണ്ട മുടിയിൽ ഒളിപ്പിക്കുന്നവളുമായി അവൾ വളർന്ന് കഴിഞ്ഞിരിക്കുന്നു. അതൊടൊപ്പം തന്നെ അവളുടെ മനസിലെ കോറലുകൾക്ക് ആഴമേറി വരികയും ചെയ്തു.

അവൾ ഒരു പൂമ്പാറ്റയെ പോലെ പാറി പറന്നു നടന്നു. ഇഷ്ടമുള്ള വഴികളിലൂടെയെല്ലാം സഞ്ചരിച്ച്, ഇഷ്ടമുള്ള നിറങ്ങളും, സൗരഭ്യവുമുള്ള പൂക്കളിൽ ചെന്നിരുന്ന്  അവയോട് കിന്നാരം പറഞ്ഞു. നിറമില്ലാത്ത മഴയെയും വടക്കൻ കാറ്റിനെയും അവൾ പ്രണയിച്ചു. പക്ഷെ ജീവിതവഴിയിലെ പല വളവുകളും തിരുവുകളും അവളെ അക്ഷമരായി കാത്തിരിക്കുകയായിരുന്നു.

 കൗമാരത്തിൽ അവൾ ഉപരിപഠനത്തിനായി ഇഷ്ടവിഷയം തന്നെ തിരഞ്ഞെടുത്തു. ജീവിതത്തിൽ ആദ്യമായി സ്വന്തം വീട് വിട്ട് പാലമരങ്ങളുടെ നാട്ടിലേക്കു യാത്രയായി. അവിടെ അവളെ വരവേറ്റതു ചീവിടുകളുടെ സംഗീതമായിരുന്നു നീലമലനിരകളെ രണ്ടായി പകുത്തുന്ന ഒരു വെള്ള രേഖ, വിദൂരതയിൽ നിന്നുമുള്ള വെള്ളച്ചാട്ടത്തിന്റെ  ഈ മനോഹരദൃശ്യം അവളുടെയുള്ളിലെ ക്യാൻവാസിൽ പുതുചിത്രമായി പതിഞ്ഞു. പിന്നെയും ഏറെ ദൃശ്യങ്ങൾ അവളുടെ ഓർമ്മയിൽ പതിയാൻ കൊതിച്ചു. അതിലെ ഏറ്റവും മനോഹരമായത് അസ്തമയ സൂര്യനായിരുന്നു. ബസിലെ ജനലരികിലിരുന്ന കണ്ട നെല്പാടത്തിന്റെ കാഴ്ച, പച്ച പട്ട് കാറ്റത്ത് താളത്തിൽ പറക്കുന്ന പ്രതീതി ഉണ്ടാക്കി. ക്ലാസിലെ നാലുപാളിയുള്ള ജനലരികിൽ ഇരുന്ന് കൊണ്ട് അവളുടെ ശ്രദ്ധ അസംഷൻസിന്റെ സാങ്കല്പികലോകത്തു നിന്നു നീലമലകളുടെ മനോഹാരിതയിലേക്കു തിരിഞ്ഞു. ഹോസ്റ്റൽ മുറിയിലെ എത്തിയാൽ പിന്നെ അവളുടെ ശ്രദ്ധ വിഷുകൊന്നപൂക്കളിലും, മുറ്റം നിറഞ്ഞു നിക്കുന്ന മഞ്ഞ ലില്ലി പൂക്കളിലും പിന്നെയെന്നും ഇല പൊഴിക്കുന്ന ആ വലിയ മരത്തിലുമായി. അവൾക്കു പ്രകൃതിയെ അല്ലാതെ മറ്റൊന്നിനെയും ഉൾകൊള്ളാൻ കഴിയാതെ വന്നു. 

പുതിയ സാഹചര്യങ്ങളോടും ചുറ്റുപാടുകളോടും പൊരുത്തപ്പെടാൻ സ്വന്തം മനസിനോട് ഒരു യുദ്ധം തന്നെ നടത്തേണ്ടി വന്നു. പോരാടി ക്ഷീണിച്ച അവൾക്കു, അവളുടെ ചിന്തകളുടെ തരംഗത്തെ പിടിച്ചെടുത്ത രണ്ട് സുഹൃത്തുക്കളെ കൂട്ടായി കിട്ടിയതു വലിയ ആശ്വാസമായി..  എന്നാൽ ക്ഷീണം ഒരു ഗന്ധർവ്വനെ പോലെ അവളൊടൊപ്പം കൂടി. അവളുടെ ശരീരത്തെ വലിഞ്ഞു മുറുക്കി, ഉണർവിനെ ഉറക്കം കൊണ്ട് മൂടി. പതിയെ പ്രിയപ്പെട്ടതിൽ ഒന്നും അവൾക്ക് ശ്രദ്ധ പതിപ്പിക്കാൻ പറ്റാതെ ആയി. എല്ലു പൊളിയുന്ന തരം വേദനകൾ…….,  തെറ്റുന്ന ഹൃദയതാളങ്ങൾ…….!!! താനെ അവൾ അവളിലേക്കു തന്നെ ഒതുങ്ങുകയായിരുന്നു. ദുസ്വപ്നങ്ങൾ അവളെ വേട്ടയാടാൻ തുടങ്ങി. തോറ്റ യോദ്ധാവിനെ പോലെ അവൾ നിസംഗയായി നിന്നു. രോഗം അവളെ കീഴ്പെടുത്തി കഴിഞ്ഞിരുന്നു. ആദ്യം അവളുടെ മനസിനെ , പിന്നെ അവളുടെ ശരീരത്തെ!! മനസ് ഇരുട്ടിൽ നിന്ന് കൂടുതൽ ഇരുട്ടിലേക്ക് സഞ്ചാരം തുടർന്നു കൊണ്ടിരുന്നു. വേദനകൾ അനുസരണയില്ലാത്ത അലറാം പോലെ അവളെ ഉറക്കത്തിൽ നിന്ന് ഉണർത്തുക പതിവായി.

ശരീരമില്ലാത്ത ശബ്ദങ്ങൾ അവളെ പേരെടുത്തു വിളിച്ചു. സൂര്യന്റെ സാന്നിധ്യത്തിൽ അവളെ മാംസഗന്ധവും മണ്ണണയുടെ മണവും  പൊതിഞ്ഞു. ഈ ഗന്ധങ്ങൾ അവൾക്കു സ്വയം തീയിൽ ഉരുകി, നരകജീവിതത്തിൽ നിന്നു രക്ഷപ്പെട്ട അമ്മയുടെ* സാന്നിധ്യമേകി. പൗർണമി രാവുകളിൽ അവളെ മനമയക്കുന്ന സുഗന്ധങ്ങൾ തട്ടിയുണർത്തി. ഇരുട്ടിലേക്കു ഇറങ്ങി ചെല്ലാനും അലിഞ്ഞ് സ്വയം ഇരുട്ടാവാനും അവൾ കൊതിച്ചു. ഉണങ്ങിയ ദിനങ്ങൾ കൊഴിഞ്ഞു കൊണ്ടിരുന്നു. അവളുടെ രാവുകൾക്ക് ദൈർഘ്യം കൂടി വന്നു. വേദനകൾക്ക് രാവെന്നോ പകലെന്നോ ഇല്ലാതായി. അവൾക്കു ആശ്വാസമായിരുന്ന സുഹൃത്തുക്കളും ഒരുനാൾ കുതിരവണ്ടിയിൽ കയറി യാത്രയായി. പൊടി പാറിപ്പിച്ചു    കൊണ്ട് കുതിരകൾ അതിവേഗം പാഞ്ഞു. കുന്നിൻ ചരുവിലെ വളവിനു അപ്പുറത്തേക്കു അവ മറയുന്നതിനു മുൻപെ അവൾ മുഖം തിരിച്ചു നടന്നു.

സഹിക്കെട്ട് അവൾ മരണദേവനെ തേടിയിറങ്ങി.

അവളുടെ അന്വേഷണം ദിവസങ്ങളോളം ആഴ്ചകളോളം മാസങ്ങളോളം നീണ്ടു. ചീറി പായുന്ന വാഹനങ്ങൾക്ക് കാലന്റെ വേഗതയുണ്ടോ…….?, കിണറ്റിലെ വെള്ളത്തിനു മരണത്തിന്റെ തണുപ്പുണ്ടോ....??? ബ്ലേയ്ഡിന്റെ മൂർച്ചയേറിയ തുമ്പിൽ കാലന്റെ കണ്ണിന്റെ തിളക്കമുണ്ടോ.?? ഇങ്ങനെ ചില ചോദ്യങ്ങൾക്കു ഉത്തരം തേടി അവൾ അലഞ്ഞു. പക്ഷെ ദിവസംതോറും അവളുടെ ശരീരത്തിൽ നിന്നു ആരോഗ്യം ചോർന്ന് കൊണ്ടേയിരുന്നു. അവളുടെ കണ്ണിലെ തിളക്കം എവിടെയോ പോയി ഒളിച്ചു. വേദനകൾ കണ്ണാരം പൊത്തി കളിച്ചു. അവസാനം വേദനകളാൽ സാച്ചുറെയ്റ്റഡ് ആയി ഗതികെട്ട പരസഹായത്തിന്റെ തോളിൽ അവൾ നിസഹായയായി  തലചായ്ച്ചു ക്ഷീണിച്ചു കിടന്നു. ഇരുട്ടു നിറഞ്ഞ കിണറ്റിലേക്കു പതുക്കെ ചില സൗഹൃദവള്ളികൾ വളർന്നു പടർന്നിറങ്ങി. അവൾ അതിൽ എത്തിപിടിച്ചു മുകളിലേക്കു വെളിച്ചം ലക്ഷ്യമാക്കി കയറാൻ തുടങ്ങി. പാതി വഴിയിലാണ് പടർന്നത്  പ്രണയമായിരുന്നുവെന്ന്    അവൾ  മനസിലാക്കിയതു. അവളിൽ ആ അറിവ് നല്ല ഉന്മേഷമേകി. എന്നാൽ പിന്നീട് അവയുടെ വേരുകൾക്ക് ശക്തി പകരുന്നതു സഹതാപത്തിന്റെ ജലമാണെന്നു അവൾ തിരിച്ചറിഞ്ഞു. ആ അറിവ് അവളിലെ ഉറങ്ങി കിടന്ന നിരാശയെ തട്ടിയുണർത്തി. ആ രക്ഷാവള്ളികൾ അവൾ സർവ്വശക്തിയും ഉപയോഗിച്ചു ഇരുട്ടിലേക്കു തന്നെ മുറിച്ചിട്ടു.

യമൻ പോലും അവളെ കൈയൊഴിഞ്ഞ വേളയിൽ അവളുടെ മനസിന്റെ ഏതോ കോണിൽ താഴിട്ടു പൂട്ടിയ, രക്ഷ നേടണമെന്ന അതിശക്തമായ ആഗ്രഹത്തെ അവൾ തിരിച്ചറിഞ്ഞു. അവളുടെ കൂടപിറപ്പു ആ താഴ് തുറക്കാൻ അവളെ സഹായിച്ചു. നേരിയ പ്രകാശം തുരുമ്പെടുത്ത വാസനയുടെ മേൽ പതിച്ചു പ്രതിഫലിച്ചു.  അവൾക്ക് അനുഗ്രഹമായി ചിത്രം വര, അതു പ്രാർഥനയായി. പിന്നെയതു  ധ്യാനമായി. അവൾ ചത്രങ്ങൾക്കിടയിലേക്കു ലയിച്ചു  സ്വയം മറന്നു ഇരുന്നു.. അവളിൽ പതിയെ ശൂന്യത വന്നു നിറയാൻ തുടങ്ങി. ആ കുളിർമ്മയിൽ അവളുടെ മനസു ശാന്തമായി. വേദനകളെ അവളുടെ മനസും ശരീരവും ഉൾകൊള്ളാൻ തയ്യാറായി. വര വേദനയെ അകറ്റി നിർത്തുന്ന ഔഷധമായി മാറി. അവളുടെ മനസ്, അനന്ത നീലാകാശത്തിൽ വെള്ള ചിറകുകൾ ഇട്ടടിച്ചു സൂര്യപ്രകാശമേറ്റു മെല്ലെ പറക്കാൻ കൊതിച്ചു. രാപൂവിന്റെ ഗന്ധമാസ്വാദിച്ചു ഇരുട്ടിലേക്ക് അലിഞ്ഞിറങ്ങാൻ അവൾ മോഹിച്ചു.

കറുപ്പിലും വെളുപ്പിലും അവളിൽ മഴ ചാറി തുടങ്ങി. ആ കുളിർമ്മ അവൾക്കു പുതിയ ഊർജ്ജം നൽകി. പിന്നെ പെയ്തതു വർണ്ണമഴയായിരുന്നു. അതു തോരാതെ അവളിൽ പെയ്തുകൊണ്ടിരിക്കുന്നു.. സൂര്യപ്രകാശത്തിൽ കിഴക്കെ മാനത്തു മാരിവില്ല് തെളിഞ്ഞു. അവളുടെ കണ്ണുകളിൽ അവ അപൂർവമായ പ്രഭ ചൊരിഞ്ഞു. അവളുടെ നുണകുഴിയിൽ ചായങ്ങൾ നിറഞ്ഞു. അവളുടെ മനസിലിപ്പോഴും  ആദ്യം പതിഞ്ഞ ചിത്രം ചിത്രമായി തന്നെ തുടിച്ചു നിക്കുന്നുണ്ട്, ഒരു മോചനവും  കാത്ത്.


* അമ്മ - അമ്മയുടെ അമ്മ



August 29, 2010

കേഴുന്ന ആത്മാക്കള്‍





മരിച്ചു കഴിഞ്ഞാല്‍ പിന്നെ ദുഖമില്ല, വേദനയില്ല , പകയില്ല വെറുപ്പില്ല എന്നാണ് എന്‍റെ അറിവ്, കേട്ടുകേള്‍വി ..ബന്ധങ്ങളും ബന്ധനങ്ങളുമില്ല ....അങ്ങനെ ഒരു ലോകത്തേക്ക് ആണ് മനുഷ്യര്‍ എത്തിപെടുന്നത്...
ഇതെല്ലാം നമ്മുടെ ധാരണകള്‍ ....യാഥാര്‍ത്ഥ്യം എന്തെന്ന് ആര്‍ക്കുമറിയില്ല ..
ജീവിച്ചിരിക്കുമ്പോള്‍ ഞാനുമായി വലിയ ബന്ധമില്ലാത്ത വ്യക്തികള്‍ മരിച്ചതിനു ശേഷം എന്നോട് സങ്കടങ്ങള്‍ പറയുന്നു ...എനിക്കു അത്ഭുതം തോന്നുന്നു ...എന്നോട് എന്തിനാണ് അവര്‍ ഓരോന്നും ആവശ്യപെടുന്നത് ...

അറിയില്ല ...!

ഒന്നാമന്‍ .....എന്‍റെ കൊച്ചച്ചന്‍

ഒരു നാൾ കൊച്ചച്ചന്‍ എന്‍റെ സ്വപ്നത്തില്‍ പ്രത്യക്ഷപെട്ടു . എന്നോട് കരഞ്ഞു കൊണ്ട് പറഞ്ഞു "ഞാന്‍ സ്വയം മരിച്ചതല്ല ..എന്നെ കൊന്നതാ "..എന്നിട്ട് എന്‍റെ കയ്യില്‍ രണ്ടു മക്കളെയും ഏല്‍പ്പിച്ചു തന്നിട്ട് പറഞ്ഞു ...."എന്‍റെ മക്കളെ നോക്കികൊള്ളണം. "
 വളരെ കുറച്ചു പ്രാവശ്യമേ ഞാന്‍ കൊച്ചച്ചനെ കണ്ടിട്ടുള്ളു ...സംസാരിച്ചിട്ടുള്ളു..
ഞങ്ങളോട് കൊച്ചച്ചനു വലിയ താല്പര്യം ഉണ്ടായിരുന്നില്ല ...അവസാന നിമിഷങ്ങളില്‍ കൊച്ചച്ചന്‍ അമ്മയോട് പശ്ചാതപിച്ചിട്ടുണ്ട് ....ചിരിച്ചു കാണിച്ചതും വാത്സല്യം ചൊരിഞ്ഞതും സ്നേഹമെന്നു കരുതി ...അവരുടെ ഉള്ളിലെ കാപട്യം മനസിലാക്കാന്‍ ഒരായുസ്സ് വേണ്ടി വന്നു കൊച്ചച്ചനു ..കൊച്ചച്ചന്‍ അവസാന നാളുകള്‍ തീര്‍ത്തും ഒറ്റപെട്ട ജീവിതമായിരുന്നു. മരണം അസ്വഭാവികമായിരുന്നു .
 മക്കളെ എന്നെ എല്പ്പിച്ചപോള്‍ കൊച്ചച്ചന്‍റെ കൈകളിലെ തണുപ്പ് ഞാനറിഞ്ഞു.

രണ്ടാമതു ....എന്‍റെ അയല്‍വാസി ഒരു ടീച്ചര്‍
tuition centre നടത്തി ജീവിച്ചിരുന്ന അവര്‍ ജീവിത നൈരാശ്യം മൂലം ആത്മഹത്യ ചെയതു . അവരുടെ ഭർത്താവിന്റെ  പാത തന്നെ അവരും പിന്തുടര്‍ന്നു ...അങ്ങനെ അവരുടെ ഏക മകള്‍ തനിച്ചായി. അവരോടും ഞാന്‍ അധികമൊന്നും സംസാരിച്ചിട്ടില്ല ...കാണുമ്പോള്‍ പുഞ്ചിരി പരസ്പരം കൈമാറിയിട്ടുണ്ട് ..അവരൊരു reserved character ആയിരുന്നു. അതുപോലെ തന്നെ ഞാനും ..അവര്‍ മരിച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞു ... കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് അവര്‍ എന്‍റെ സ്വപ്നത്തില്‍ വന്നു. അവര്‍ ഒരു മുറിക്കുള്ളില്‍ ബന്ധനസ്ഥയാണ് . അവര്‍ പറഞ്ഞു ."എനിക്കു ഇതിനു വെളിയില്‍ പോവാന്‍ പറ്റില്ല .അതുകൊണ്ട് എന്‍റെ മോളുടെ കാര്യങ്ങള്‍ നോക്കണം ..."

ഇതാ വീണ്ടും ഒരു ആത്മാവ് ....!

മൂന്നാമതു .......എന്‍റെ സഹപാഠി
ആ കുട്ടിയുടെ ജീവനെടുത്തത് ഒരു പനി .....മുടന്തന്‍പനി ...നല്ല സ്നേഹമുള്ള കുട്ടി. എപ്പോഴും മായാത്ത ഒരു പുഞ്ചിരി ആ മുഖത്ത് നിറഞ്ഞു നിന്നീരുന്നു ...വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല ഇന്നും ...
അങ്ങനെ അതി നുതന ആശുപത്രിക്ക് ഒരു അബദ്ധം കൂടെ പറ്റി ...
ആ കുട്ടിയും കണ്ണില്‍ നീര്‍ചാലുകളുമായി എന്‍റെ സ്വപ്നത്തില്‍ പ്രത്യക്ഷയായി ...
ഞാന്‍ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു ... As i touched her ...i was able to feel her dress...only dress
Her mobile was ringing.She asked me to attend that call ..
ഫോണ്‍ നോക്കിയപ്പോള്‍ കണ്ടതു "IQBAL Calling "

who is iqbal........? അറിയില്ല .....!

എന്തിനാണ് ഇവര്‍ എന്നോട് ഇങ്ങനെ വിഷമങ്ങള്‍ പറയുന്നത് .....?
അവര്‍ ആ ലോകത്തും അസന്തുഷ്ടര്‍ ആണോ ......?
സ്വപ്നങ്ങള്‍ ഒരു തുടര്‍കഥ ആവുകയാണോ ..?

August 11, 2010

സത്യമോ ...? മിഥ്യയോ ...?


ആരോ പറിച്ചു വെച്ച പാലപൂതണ്ട്  ഇരുമ്പ് മേശമേലിരിക്കുന്നു. ഏതോ അജ്ഞാതശക്തി എന്നെ അതിലേക്കു വലിച്ചടിപ്പിക്കുമ്പോലെ. കുഞ്ഞുകുഞ്ഞു വെള്ള പൂക്കളുള്ള ആ തണ്ട് കൈയ്യിലെടുത്തു മണപ്പിച്ചു,  കുറച്ച് നേരം അതിന്റെ അലൗകികമായ സുഗന്ധം ആസ്വദിച്ചു. വല്ലാത്തൊരു ഗന്ധമായിരുന്നു ആ പൂക്കൾക്ക്. അല്പം കഴിഞ്ഞപ്പോൾ തലയ്ക്കു കനം വെയ്ക്കുന്ന പോലെ. ഞാൻ കട്ടിലിൽ പോയി കിടന്നു. കിടന്നതും അറിയാതെ, പതിയെ മയക്കത്തിലേക്കു വീണു. എങ്കിലും ചുറ്റും നടക്കുന്നത് ഞാൻ  കാണുന്നുണ്ടായിരുന്നു. പുസ്തകങ്ങള്‍ തിങ്ങി നിറഞ്ഞ  ചുമർ അലമാര , കറങ്ങുന്ന പങ്ക , പഠിക്കുന്ന സുഹൃത്തുക്കള്‍ ..!!
യൂണിവേഴ്സിറ്റി പരീക്ഷ നടക്കുന്നതിനാൽ എല്ലാവരും പുസ്തകത്തില്‍ മുഴുകിയിരുന്നു പഠിക്കുകയാണ് ..ഞാന്‍ മയക്കത്തിലും .

പെട്ടെന്ന് ആ മുറിയില്‍ ഒരു പക്ഷി പ്രത്യക്ഷപ്പെട്ടു . ചാരനിറമുള്ള ,നീണ്ട ചിറകുള്ള ഒരു വലിയ പക്ഷി . അതുവരെ അങ്ങനെ ഒന്നിനെ ഞാന്‍ കണ്ടിട്ടില്ലായിരുന്നു. അത് തൂവല്‍ പൊഴിച്ച് കൊണ്ട് ചിറകിട്ടടിച്ചു ആ മുറിയില്‍ ചുറ്റിപറക്കാൻ തുടങ്ങി.. അതെന്നെ ഭയപ്പെടുത്തി. ഞാന്‍ നിലവിളിക്കാന്‍ ഒരു ശ്രമം നടത്തി. പക്ഷെ നാവു പൊങ്ങുന്നില്ല. തൊണ്ട വറ്റി വരണ്ടീരിക്കുന്നു. എണീക്കാന്‍ നോക്കിയപ്പോൾ കയ്യിലെ ചെറു വിരല്‍ പോലും അനക്കാന്‍ കഴിയുന്നില്ല. ആ പക്ഷി തൂവല്‍ പൊഴിച്ച് കൊണ്ടേയിരുന്നു. ഞാൻ  നിസ്സഹായായി അതു കണ്ടു കിടന്നു. കുറച്ച് നേരം കഴിഞ്ഞപ്പോൾ എന്തോ ഭാഗ്യത്തിന് എന്‍റെ കൂട്ടുകാരിയുടെ ദേഹസ്പര്‍ശമേറ്റു, എനിക്ക് എണീക്കാനും സാധിച്ചു ..
കണ്ണ് തുറന്ന് നോക്കുമ്പോള്‍ പക്ഷിയുമില്ല തൂവലുകളുമില്ല....!
പക്ഷെ മേശ പുറത്തു  ചാരനിറത്തില്‍ വെള്ള പുള്ളികളുള്ള ഒരു തുവല്‍ ...!!
മണപ്പിച്ചു നോക്കിയപ്പോൾ മനമയക്കുന്ന ഒരു അലൗകിക ഗന്ധമുണ്ടായിരുന്നു അതിനു ....!
 അതിനെ പുസ്തകത്താളുകള്‍ക്കിടയില്‍ ആരും കാണാതെ സുക്ഷിച്ചു വെച്ചു. പക്ഷെ എന്നോ എപ്പോഴോ അതെനിക്ക് നഷ്ടമായി ...!