Showing posts with label കഥ. Show all posts
Showing posts with label കഥ. Show all posts

July 03, 2011

മിന്നാമിന്നി





അവളുടെ നിഷ്കളങ്ക മിഴികൾ പടിപ്പുരയിൽ നിന്നും പാടവരമ്പിൽ കൂടെ അങ്ങു ദൂരെ സഞ്ചരിച്ചു..! അവളുടെ ചുണ്ടിൽ പരിഭവത്തിന്റെ ലാഞ്ചന. അനുസരണയില്ലാത്ത മുടി അലക്ഷ്യമായി പാറി പറന്നു കിടന്നു.

“നേരം ഇരുട്ടി തുടങ്ങിയല്ലോ അമ്മു, വാ പോരെ. ഇനി ഇന്നു അവരു വരുമെന്ന് തോന്നണില്ല്യ. മോളു വാ അമ്മമ്മ അമ്മുക്കുട്ടിക്ക് കഥ പറഞ്ഞു തരാം. ആദ്യം വിളക്കു വെച്ച്. പിന്നെ നാമം ചൊല്ലി എന്നിട്ടു പിന്നെ ചോറുണ്ടിട്ട് നല്ലോരു കഥ പറഞ്ഞു തരാം, മോളു വാ ”അമ്മുനേം കൂട്ടി അമ്മമ്മ തൊഴുത്തിന്റെ ഭാഗത്തു കൂടെ, കിണറ്റിൻക്കരയിലേക്കു നടന്നു.

അവളുടെ മിഴികൾ കാടിവെള്ളം കുടിക്കുന്ന അമ്മിണി പശുനെ തേടി പോയി. വളരെ രുചിയോടെ, ആസ്വദിച്ച് തന്നെ അവൾ അവളുടെ അത്താഴം ഭക്ഷിക്കുന്നു. കണ്ടിട്ടു അവൾക്കും കൊതിയായി പോയി..!!അതാ അമ്മിണിയെ തൊട്ടുരുമ്മി അടുത്തു തന്നെ നിക്കുന്നു നമ്മുടെ കിങ്ങിണി ക്കുട്ടി .അത് കണ്ടതും അമ്മുന്റെ ചുണ്ടുകൾ കൂടുതൽ “റ” ആയി . ഈ കാഴ്ക കണ്ട് അവളറിയാതെ അവിടെ നിന്നുപ്പോയി.

“എന്താ കുട്ടി..!! അതൊക്കെ പിന്നെ നോക്കാം. നേരം പോയി..ഇങ്ങോട്ടു വേഗം നടന്നേ, മോളെ കുളിപ്പിച്ചിട്ട് അമ്മമ്മക്ക് അടുക്കളയിൽ ലേശം പണി കൂടെ ബാക്കിയുണ്ട്….ഹാ …..!!, വാ മോളെ”

അമ്മമ്മ അമ്മുനെ കയ്യിൽ പിടിച്ചു കൊണ്ടു പോയി. അമ്മു സ്വന്തം കവിളിൽ അറിയാതെ ചൊറിഞ്ഞു കൊണ്ട് കൂടെ നടന്നു.

കുളിരുള്ള വെള്ളം ദേഹത്തു വീണപ്പോൾ അവൾ തുള്ളി ചാടി. മെല്ലെ ഒന്നു ചിരിച്ചു അതു കണ്ട് അമ്മമ്മയുടെ മുഖത്തു ഒരു മന്ദഹാസം വിരിഞ്ഞു. അവൾ സോപ്പിൻ പത ഊതി കുമിളകളെ പറത്തി...കുട്ടികുളി കഴിഞ്ഞു, അവളെ തോർത്തിക്കൊണ്ടിരുന്ന അമ്മമ്മക്കു അവളൊരു ചക്കര ഉമ്മയും കൊടുത്തു. തോർത്തു ഉടുപ്പിച്ച് അമ്മമ്മ അവളെ ഒക്കത്ത് വെച്ച് വീടിനകത്തേക്ക് കയറി പോയി.

കൃഷ്ണന്റെ ഫോട്ടോയിൽ വിളക്കിൻ തിരിയുടെ പ്രതിഫലനം! ചന്ദന തിരിയുടെ മണം അന്തരീക്ഷത്തിൽ തങ്ങി നിന്നു..

“ഹരേ രാമാ ഹരേ രാമാ……രാമാ രാമാ ഹരേ ഹരേ….
ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ……കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ….. ”

രണ്ട് വ്യത്യസ്ത സ്വരങ്ങളിൽ നാമജപം ഉയർന്നു...!!

അമ്മു നിലത്തിരുന്ന് സ്ലേയിറ്റിൽ ചിത്രം വരയ്ക്കുന്നു.
മുത്തശ്ശി അടുക്കളയിൽ പപ്പടം ചുടുന്നു.
മോളെ..മോളവിടെ എന്തെടുക്കാ....?? 

“ആ,.. അതൊക്കെ ഇവിടെ വരുമ്പൊ പറയാം , അമ്മമ്മേ... ”

“എന്നാലും എന്താ ചെയ്യണെന്നു അമ്മമ്മയും കൂടെ ഒന്നറിയെട്ടെ !”

“അതൊക്കെ ഉണ്ട് അമ്മമ്മേ...വേഗം ഇങ്ങ് വായോ..അപ്പോ കാണിച്ചു തരാം...!”

“എന്നാ ശരി...അമ്മമ്മ...ദാ വരുന്നു ട്ടൊ. !!

“ഉം......... ” അവൾ മൂളി

“ഇന്നു എന്തൊക്കെയാ അമ്മുനു വേണ്ടി അമ്മമ്മ ഉണ്ടാക്കിയെന്നു അറിയോ മോൾക്കു..??അമ്മുനു എറ്റവും പ്രിയപ്പെട്ട അവിയൽ പിന്നെ മോരു കറി പിന്നെ പപ്പടം ചുട്ടതു പിന്നെ കണ്ണിമാങ്ങാ അച്ചാറ്...!!”

“ഉം...., ഹായ് അവിയലുമുണ്ടോ..!!"

“ആ ഉണ്ടല്ലോ ! എല്ലാം കൂട്ടി ചോറുണ്ട്, അമ്മമ്മ മോൾക്കു കഥ പറഞ്ഞു തരാട്ടൊ....”

“എന്തു കഥയാ അമ്മമ്മേ??”

“ഒരു മിന്നമിനുങ്ങിന്റെ കഥ”

“ശരിക്കും എനിക്ക് മിന്നാമിന്നിയെ ഒത്തിരി ഇഷ്ട്ടാ..”

“അത് അമ്മമ്മക്കു അറിയാലോ!”

“അതെങ്ങനെ അമ്മമ്മ അറിഞ്ഞു?!!”

“എന്റെ ചക്കര കുട്ടനല്ലെ..? പിന്നെ അറിയാതിരിക്കോ ??

അമ്മമ്മ അമ്മുനുള്ള ഭക്ഷണം കൊണ്ട് വന്നു
സ്ലേയ്റ്റിൽ വരച്ച ചിത്രം അമ്മമ്മക്കു നേരെ അമ്മു നീട്ടി. മൂന്നു രൂപങ്ങൾ.!!നടുവിൽ അമ്മു അതു തീർച്ച ..പിന്നെ അപ്പുറവും ഇപ്പുറവും ഉള്ളത്??

“അപ്പോ അമ്മമ്മേ,ഇവർക്കു ഞാൻ ചക്കരക്കുട്ടനല്ലേ ??"

“പിന്നല്ലാതെ....!!"

“പിന്നെ എന്താ അവർക്കു എന്നെ വേണ്ടാത്തെ..?"

കുറച്ച് അചാറും പിന്നെ പപ്പടവും പിന്നെ കറികളും കൂട്ടി അമ്മമ്മ ഒരു കൊച്ചു ഉരുള ഉണ്ടാക്കി.

“ആ.....മോള് വാ തുറന്നേ ….ആ …..അം…. അങ്ങനെ…. മോളെ മിന്നാമിന്നിക്കു വേണല്ലോ.”

“ആണോ .??..ശരിക്കും..?? സത്യമായിട്ടും..??”

“അതെ..ശരിക്കും!! സത്യമായിട്ടും..! കുറ്റാകൂരിരുട്ടിൽ, വഴി തെറ്റി പോയവർക്കു മിന്നാമിന്നി വഴി കാണിക്കാനായി മിന്നി മിന്നി പറന്ന് നടക്കും .”

“എന്നിട്ട്……..?”

“എന്നിട്ട് എന്താ അവർക്കു അവരുടെ വീട്ടിലേക്കുള്ള വഴി കാണിച്ച് കൊടുക്കും..!”

“അപ്പോ എന്റെ അച്ഛനും അമ്മക്കും അവരു വഴി കാണിച്ചു കൊടുക്കോ, അമ്മമ്മേ ..??”

“ഉം…….കാണിച്ച് കൊടുക്കും..........!! “ ഗൌരവഭാവത്തോടെ അമ്മമ്മ ആ കൊച്ചു മനസിന്റെ സംശയമകറ്റി.

“അങ്ങനെ അവസാനത്തെ ഉരുളയും കഴിഞ്ഞു…!!അമ്മു നല്ല കുട്ടിയാണല്ലോ..!!”

ആ കൊച്ചു മിടുക്കി അമ്മമ്മയുടെ മടിയിൽ കിടന്നു. എന്നും അങ്ങനെ തന്നെയാണ് പതിവ്. 
അവളുടെ മിനുസമുള്ള തലമുടി തലോടിക്കൊണ്ട് അമ്മമ്മ ..

“മിന്നാമിന്നികൾ നല്ല സ്നേഹമുള്ളവരാ..അവരു മോൾടെ കൂടെ കളിക്കാനും പാടാനുമോക്കെ വരും എന്റെ ചക്കരയുടെ മുടിയാകെ അവർ അലങ്കരിക്കും അമ്മുന്റെ കൂടെ നൃത്തം വെയ്ക്കും ”

അവളുടെ മിഴികൾ താനെ പൂടി. അവൾ പതുക്കെ മിന്നാമിന്നികളുടെ ലോകത്തേക്കു പറന്നു..

“അമ്മുനെ നോക്കി എത്ര നേരമായി ഞാനിവിടെ നിക്കുന്നു. എന്താ ഇത്ര വൈക്യേ ..?"

മിന്നിമിന്നി കൊണ്ടിരുന്ന  മിന്നാമിനുങ്ങിന്റെ ചോദ്യം കേട്ട് അവളുടെ മിഴികൾ അത്ഭുതം കൊണ്ടു മിഴിച്ചു !

“വാ , അമ്മുനെ കാത്ത് എത്ര പേരാ ഇരിക്കുന്നേന്നു നോക്കിയെ ”

ആ മിന്നാമിനുങ്ങ് തന്റെ കൂട്ടുക്കാരെയെല്ലാം അവൾക്കു പരിചയപ്പെടുത്തി കൊടുത്തു. 

“വാ അമ്മു, നമുക്കു കളിക്കാം “ അവർ അവളെ ക്ഷണിച്ചു ..
അവൾ പെട്ടെന്ന് തന്നെ അവരോട് കൂട്ടായി. അവൾക്കു അവർ ലക്ഷദീപങ്ങൾ തീർത്തു. അവളുടെ ആലസ്യമുള്ള മുടിയെ അവർ അലങ്കരിച്ചു അവളുടെ കൂടെ കണ്ണാരം പൊത്തി കളിച്ചു. പക്ഷെ ഒരോ പ്രാവശ്യവും അമ്മു തന്നെ ജയിച്ചു.!

അവർ മാനത്തു ചിത്രങ്ങൾ വരച്ച് അവളെ രസിപ്പിച്ചു .അവൾ അത്രയേറേ ഇതു വരെ സന്തോഷിചിട്ടില്ല .എല്ലാത്തിനും സാക്ഷിയായി, പാതി വിരിഞ്ഞ ചന്ദ്രനും, പിന്നെ നക്ഷത്രങ്ങളും..പിന്നെ മൂക സാക്ഷിയായി, ഇരുട്ടും!

സമയം അങ്ങനെ നീങ്ങിക്കൊണ്ടിരുന്നു. രാത്രിയുടെ നാലാം യാമവും കഴിഞ്ഞു. സൂര്യൻ കിഴക്ക് തന്റെ സാന്നിദ്ധ്യം അറിയിച്ചപ്പോൾ, അവളെ കൂട്ടിക്കൊണ്ട് വന്ന മിന്നാമിനുങ്ങ് പറഞ്ഞു 

“ഇനി അമ്മുന്റെ കൂടെ കളിക്കാൻ നാളെ വരാം. മോളിപ്പോ തിരിച്ചു പോയിക്കൊ..ഇനിയെല്ലാ രാത്രിയിലും അമ്മുനെ കൂട്ടിക്കൊണ്ട് പോകാൻ ഞാൻ വരും... “

കിങ്ങിണി പശുവിന്റെ കരച്ചിൽ കേട്ടാണ് അവൾ ഉണര്‍ന്നത്. അവൾ മിഴികൾ തിരുമി പുറത്തേക്കിറങ്ങി .അമ്മമ്മ അമ്മിണിയെ കറക്കുന്നു.അവൾ തൊഴുത്തിനടുത്തേക്കു ചെന്നു..

മിന്നാമിന്നികൾ അവൾക്കു നൽകിയ മനോഹര രാത്രിയെ കുറിച്ച് അമ്മമ്മയോടു വാതോരാതെ സംസാരിച്ചു.. അവളുടെ കണ്ണിൽ ആയിരം ആയിരം മിന്നാമിനുങ്ങുകൾ നൃത്തം വയ്ക്കുന്നതായി അമ്മമ്മ കണ്ടു.

October 15, 2010

നിന്‍റെ ഓര്‍മ്മയ്ക്ക്‌

അഞ്ചു ദിവസമായി തിമിര്‍ത്താടി പെയ്യുന്ന നൂല്‍ മഴ . മഴമേഘം തന്റെ പക്കലുള്ള പളുങ്ക് മാലയുടെ പളുങ്കുമണികള്‍ ജപിച്ചു കൊണ്ടേ ഇരുന്നു ....

ജപിച്ചിട്ടും ജപിച്ചിട്ടും മതി വരാതെ ...

ഇനിയും കാത്തു നിന്നാല്‍ ശരിയാവില്ല .അവന്‍ തോള്‍ സഞ്ചിയുമെടുത്ത്‌ ഉമ്മറത്തേക്ക് ഇറങ്ങി. അവള്‍ ഓടി പോയി ഒരു വാഴയില മുറിച്ചു കൊണ്ട് വന്നു . അവന്‍ നടന്നു തുടങ്ങി ..അവള്‍ വാഴയില അവന്റെ തലയ്ക്കു മീതെ ചൂടി, കൂടെ നടന്നു .

"പെണ്ണേ , എന്റെ ഉള്ളില്‍ പെയ്യുന്ന തീ മഴയ്ക്ക് തടയിടാന്‍ എന്തുണ്ട് നിന്റെ കയ്യില്‍ ..?"

നടന്നു കൊണ്ട് ഒരു മന്ദഹാസത്തോടെ അവന്‍ ചോദിച്ചു 

അവന്റെ മൂര്‍ച്ചയേറിയ വാക്കുകള്‍ക്ക് അവളുടെ കയ്യില്‍ മറുപടി 

ഒന്നുമില്ലായിരുന്നു....

എന്നും, എപ്പോഴും അങ്ങനെ ആയിരുന്നു .

തിമിര്‍ത്തു പെയ്യുന്ന മഴ പോലെ മൗനം അവര്‍ക്കിടയിലേക്ക് പെയ്തിറങ്ങി .അവളുടെ മനസ്സില്‍ പക്ഷെ ഓര്‍മ്മകളുടെ മഴവെള്ളപ്പാച്ചില്‍...

"സഖാവിന്റെ തൃപ്പാദങ്ങളിലെങ്കിലും എനിക്കൊരിടം നല്‍കിയാല്‍ മതി . എന്റെ ശ്വാസം നിലയ്ക്കും വരെ പരിഭവങ്ങളൊന്നുമില്ലാതെ ഞാന്‍ അവിടെ കഴിഞ്ഞോളാം ."

അവളുടെ മുറിഞ്ഞു പോകുന്ന വാക്കുകള്‍ ..

"പെണ്ണേ, നിനക്ക് വട്ടാ...നിന്റെ ഈ വട്ടിനു ഈ ഭൂഗോളത്തിലെ ചികിത്സ ഇല്ല.."

വീണ്ടും ഒരു മൃദു ഹാസത്തോടെ അവന്‍ പറഞ്ഞു 

അവന്‍ അപൂര്‍വ്വമായെ സംസാരിക്കൂ .പക്ഷെ മൊഴിയുന്ന വാക്കുകള്‍ കല്ലില്‍ കൊത്തിവെച്ചത് പോലെയുള്ളവയാണ്. 

അവളുടെ ഓര്‍മ്മകളുടെ ചുഴിയില്‍ അവന്റെ ഒരു വാചകം കൂടി പെട്ടു.

"എനിക്ക് ആത്മാവില്‍ നിന്ന് സംസാരിക്കുന്നതാണ് ഇഷ്ടം ."

ഇനിയൊരിക്കലും ആവര്‍ത്തിക്കപ്പെടാത്ത അവരുടെ ഒരുമിച്ചുള്ള യാത്ര പുഴക്കടവില്‍ ചെന്ന് നിന്നു. അവിടെ ഒറ്റയ്ക്ക് ഗര്‍വ്വോടെ നില്‍ക്കുന്നു സര്‍പ്പഗന്ധി. അതിനു ചുവട്ടില്‍ തേജ്വസ്നിയായ ഒരു ദേവി വിഗ്രഹം . മഞ്ഞയുടെയും ചുവപ്പിന്റെയും അലങ്കാരങ്ങള്‍ ഇല്ലാതെ, ദേവി അതിസുന്ദരി തന്നെ. ആ മുഖത്തെ തേജസ്സ്‌ അവര്‍ണനീയം തന്നെ.അവള്‍ക്കു ആ ദേവി തോഴിയായിരുന്നു ..സര്‍പ്പഗന്ധി സദാ അവളുടെ തോഴിക്കു പുഷ്പാഭിഷേകം നടത്തി കൊണ്ടിരിന്നു.

വാഴയില നിറമുള്ള ബ്ലൗസും കാപ്പിപ്പാവാടയും നനഞ്ഞു കടും നിറമായി .അവന്റെ ചാര നിറമുള്ള ജുബ്ബ നഞ്ഞു കുതിര്‍ന്നു ശരീരത്തോട് ചേര്‍ന്ന് കിടന്നു ,ഒരു പ്രണയിനിയെ പോലെ. വെള്ളത്തുള്ളികള്‍ അവന്റെ കണ്ണാടിച്ചില്ലില്‍ ഇടം നേടിയിരുന്നു . അവന്‍ ആ വെള്ളത്തുള്ളികളെ തുടച്ച് നീക്കി വീണ്ടും കണ്ണട ധരിച്ചു. അവ്യക്തമാണെങ്കിലും അവളുടെ കണ്ണുകളിലെ സ്നേഹം അവന്‍ കണ്ടു. അവളുടെ ചുരുണ്ട മുടിയില്‍ പറ്റിയിരിക്കുന്ന പളുങ്കുമണികള്‍ കണ്ടു. ആ സ്നേഹത്തില്‍ , ആ നീര്‍മണിത്തുള്ളികളുടെ ശോഭയില്‍ അവനൊരു നിമിഷം അലിഞ്ഞു നിന്നുപോയി .

വികാരാധീനനായി അവന്‍ " ഞാന്‍ മരിച്ചാല്‍ എന്റെ ആത്മാവ് എന്നും എപ്പോഴും നിന്നോട് കൂടെയുണ്ടാവും "

ആ വാക്കുകള്‍ പതിഞ്ഞത് അവളുടെ ആത്മാവിലായിരുന്നു .

മഴയുടെയും മിഴികളുടെയും നീര്‍കണങ്ങള്‍ ഒന്നായി മാറിയ നിമിഷം.

അവനെ കാത്തു ഓളങ്ങളുടെ നൃത്തത്തിനനുസരിച്ച് ആടുന്ന തോണി കിടപ്പുണ്ടായിരുന്നു .അവന്റെ മനസ്സില്‍ തീയൊന്നു ആളിക്കത്തി .

അവന്റെ മനസ്സില്‍ തീ കോരിയിടുന്നത് അവകാശ ലംഘനങ്ങളാണ് , അടിമത്തമാണ്‌ .

വിമോചനമാണ് അവന്റെ ലക്‌ഷ്യം. 

അതാണ്‌ ഈ ജന്മം അവന്റെ നിയോഗം .

ഈ നൂല്‍മഴയിലും അവന്റെ ഹൃദയം ജ്വലിച്ചു കൊണ്ടിരുന്നു. അവന്‍ അവളില്‍ നിന്നു മുഖം തിരിച്ചു നടന്നു; തോണിയില്‍ കയറി ഇരുന്നു തുഴഞ്ഞു . ഒരിക്കല്‍ പോലും തിരിഞ്ഞു നോക്കാതെ. കുറച്ചു നിമിഷങ്ങള്‍ കൊണ്ട് അവനും തോണിയും മഴയാല്‍ മറയ്ക്കപ്പെട്ടു.

അവള്‍ തിരിഞ്ഞു നടന്നു .

"പെണ്ണേ, നീ സന്തോഷത്തോടെ ജീവിക്കുന്നത് വിദൂരതയില്‍ നിന്നു കണ്ടു ഞാന്‍ സന്തോഷിച്ചോളാം. എന്റെ നിയോഗം , എന്റെ ലക്‌ഷ്യം അത് വിമോചനമാണ് .അടിമത്തത്തില്‍ നിന്നുള്ള വിമോചനം ."

വീണ്ടും പല ചിന്തകളും ചുഴിയില്‍ പെട്ടു തിരിഞ്ഞു .

"എന്റെ സ്വപ്നം , സഖാവിന്റെ ലക്‌ഷ്യം സാക്ഷാത്കരിച്ചു കാണപ്പെടണം എന്നാണ് .സഖാവിന്റെ സ്വപ്നം ഇപ്പോള്‍ എന്റെതും കൂടെയാണ് "

മഴമേഘങ്ങള്‍ വീണ്ടും പതിനാറു ദിവസം കൂടെ ജപം തുടര്‍ന്നു. കുളവും തോടും പുഴയും കടലും ഒന്നാകുന്നത് വരെ.

ചാറ്റല്‍ മഴയുള്ള ഒരു ദിവസം .സര്‍പ്പഗന്ധി ഇപ്പോള്‍ പഴയത് പോലെ പൂക്കാറില്ല. കാലം ഇപ്പോള്‍ അതില്‍ ജീവന്‍റെ നേരിയ തുടിപ്പ് മാത്രമേ അവശേഷിപ്പിച്ചിട്ടുള്ളൂ .

പ്രകൃതിയും കാലവും മരച്ചുവട്ടില്‍ കുടികൊള്ളുന്ന ദേവി ശില്പത്തിലും മാറ്റങ്ങള്‍ വരുത്തി . ദീപവും അലങ്കാരങ്ങളും ഇല്ലെങ്കിലും തേജസ്സിനൊരു കുറവുമില്ല. ഇന്നും ഏകാകിനിയായി ദേവി നിലകൊള്ളുന്നു .

വാഴയില നിറമുള്ള ബ്ലൗസുമിട്ടു, സര്‍പ്പഗന്ധിയെ ചാരി, ദേവിക്ക് അരികിലായി, വിദൂരതയിലേക്ക് കണ്ണുംനട്ട് ആകാംഷയോടെ നില്‍ക്കുന്നു അവള്‍ .സ്നേഹം തുളുമ്പുന്ന മിഴികള്‍ ..നീര്‍കണങ്ങള്‍ പറ്റിയിരിക്കുന്ന ചുരുണ്ട മുടിയിഴകള്‍ ..

" ഞാന്‍ മരിച്ചാല്‍ എന്റെ ആത്മാവ് എന്നും എപ്പോഴും നിന്നോട് കൂടെയുണ്ടാവും "

അവളുടെ മിഴികളും ആത്മാവും ഒരേ സ്വരത്തില്‍ മന്ത്രിച്ചു .

ആകാശത്തു ശോണിമ മറഞ്ഞു തുടങ്ങിയിരുന്നു . നിശ പ്രകൃതിയെ ആലിംഗനം ചെയ്യാന്‍ ഒരുങ്ങി നിന്നു .അവള്‍ തിരിഞ്ഞു നടന്നു ..

ഓടു മേഞ്ഞ മേല്‍കൂരയിന്‍ കിഴില്‍ അവള്‍ ഉറങ്ങാന്‍ കിടന്നു .ഓടിന്റെ വിടവിലുടെ ശീതനടിച്ചു കൊണ്ടേ ഇരുന്നു .നെറ്റിയില്‍ പതിക്കുന്ന കുളിര്‍മയുള്ള നീര്‍കണങ്ങള്‍, അവയിലൂടെ അവന്റെ ചുംബനത്തെ അവള്‍ അനുഭവിച്ചറിഞ്ഞു. പുറത്തു മഴയുടെ സംഗീതം. ആ താരാട്ടില്‍ അവള്‍ അവന്റെ സ്വരത്തെ ശ്രവിച്ചു.സൂര്യകിരങ്ങള്‍ അവളുടെ കണ്ണുകളെ തഴുകി ഉണര്‍ത്തിയപ്പോള്‍ അവള്‍ കണി കണ്ടുണര്‍ന്നത് അവനെ ആയിരുന്നു.മന്ദമാരുതന്‍ മുടിയിഴകളെ തഴുകുമ്പോള്‍ അവള്‍ അവന്‍റെ ശ്വാസത്തെ അടുത്തറിഞ്ഞു.മുറ്റത്തു വിരിയുന്ന പവിഴമല്ലി പൂക്കളില്‍, അവള്‍ അവന്റെ മന്ദഹാസത്തെ കണ്ടു. അവയെ നിലം തൊടാതെ അവള്‍ സംരക്ഷിച്ച് പൂജക്കെടുത്തു ..സമുദ്രത്തിലെ നീലിമയില്‍ അവള്‍ അവന്റെ മിഴികളുടെ അഗാധതയെ തേടി ...അര്‍ത്ഥങ്ങളെ തേടി..പുഴക്കടവിലെ പഞ്ചാരപൂഴിയില്‍ അവള്‍ അവന്റെ കാലടികളെ തേടി നടന്നു. പുല്‍ക്കൊടിയില്‍ കനത്തു നില്‍ക്കുന്ന മഞ്ഞുതുള്ളിയെ കണ്ണില്‍ എഴുതി അവള്‍ അവന്റെ ഹൃദയത്തെ സ്പര്‍ശിക്കാന്‍ ശ്രമിച്ചു. അവള്‍ ഏഴു കടലും കടന്നു വരുന്ന താമര നൂലിനോട് അവനെ കുറിച്ച് ആരാഞ്ഞു ...

അവന്‍ ആത്മാവ് ഉള്ളവന്‍ ആണ് . അവന്‍ വരാതിരിക്കില്ല .
അവള്‍ അവന്റെ ആത്മാവ് കുടിക്കൊള്ളുന്ന ദേഹത്തെ തേടുകയാണ് ...

എല്ലാ ദിവസവും സന്ധ്യക്ക്‌ അവള്‍ ദേവിയോട് സല്ലപിക്കും .എന്നിട്ട് വിദൂരതയിലേക്ക് കണ്ണയച്ചു അങ്ങനെ നില്‍ക്കും ..ഇരുട്ടുന്നതു വരെ ..

അന്നും പതിവ് പോലെ അവള്‍ അവിടെ നിന്നു. ചാറ്റല്‍ മഴ കനത്തു തുടങ്ങി .മഴമേഘങ്ങള്‍ വീണ്ടും ജപിച്ചു തുടങ്ങി . അവ ഭൂമിയിലേക്ക്‌ പളുങ്ക് മണികള്‍ പൊഴിച്ച് കൊണ്ടിരുന്നു.അവള്‍ എന്നിട്ടും വിദൂരതയില്‍ കണ്ണും നട്ട് നില്പാണ്. അവളുടെ മുഖത്ത് ആശങ്ക .....

ആകാംഷ ...


സ്നേഹം ...


സന്തോഷം ...!!!

എല്ലാം മാറി മാറി മിന്നി . ഓളങ്ങളെ വകഞ്ഞു മാറ്റി ഒരു തോണി പുഴക്കടവിലേക്ക് ; അവളുടെ മുഖം കൂടുതല്‍ തെളിഞ്ഞു. കണ്ണാടിച്ചില്ലില്‍ ഇടം നേടിയ നീര്‍ത്തുള്ളികളില്‍ ഇപ്പോള്‍ അവള്‍ക്കു അവളെ തന്നെ കാണാം.

വര : ദിലീപ് http://www.facebook.com/dileeptkpr
(എന്റെ സുഹൃത്ത് ദിലീപിന്റെ പ്രചോദനത്തില്‍ ഞാന്‍ എഴുതിയ എന്റെ ആദ്യ കഥ . ഇത് തികച്ചും ഒരു കാല്‍പനിക കഥയാണ്‌. ഇതിലെ കഥാപാത്രം രണ്ടാമത്തെ ചിത്രത്തില്‍ കാണുന്ന പെണ്‍ക്കുട്ടിയാണ് . കഥയുടെ പേരും ദിലീപിന്റെ സംഭാവന ആണ്. എന്നെ പ്രോത്സാഹിപ്പിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി..ദിലീപിന് പ്രത്യേകം നന്ദി .)