July 03, 2011

മിന്നാമിന്നി





അവളുടെ നിഷ്കളങ്ക മിഴികൾ പടിപ്പുരയിൽ നിന്നും പാടവരമ്പിൽ കൂടെ അങ്ങു ദൂരെ സഞ്ചരിച്ചു..! അവളുടെ ചുണ്ടിൽ പരിഭവത്തിന്റെ ലാഞ്ചന. അനുസരണയില്ലാത്ത മുടി അലക്ഷ്യമായി പാറി പറന്നു കിടന്നു.

“നേരം ഇരുട്ടി തുടങ്ങിയല്ലോ അമ്മു, വാ പോരെ. ഇനി ഇന്നു അവരു വരുമെന്ന് തോന്നണില്ല്യ. മോളു വാ അമ്മമ്മ അമ്മുക്കുട്ടിക്ക് കഥ പറഞ്ഞു തരാം. ആദ്യം വിളക്കു വെച്ച്. പിന്നെ നാമം ചൊല്ലി എന്നിട്ടു പിന്നെ ചോറുണ്ടിട്ട് നല്ലോരു കഥ പറഞ്ഞു തരാം, മോളു വാ ”അമ്മുനേം കൂട്ടി അമ്മമ്മ തൊഴുത്തിന്റെ ഭാഗത്തു കൂടെ, കിണറ്റിൻക്കരയിലേക്കു നടന്നു.

അവളുടെ മിഴികൾ കാടിവെള്ളം കുടിക്കുന്ന അമ്മിണി പശുനെ തേടി പോയി. വളരെ രുചിയോടെ, ആസ്വദിച്ച് തന്നെ അവൾ അവളുടെ അത്താഴം ഭക്ഷിക്കുന്നു. കണ്ടിട്ടു അവൾക്കും കൊതിയായി പോയി..!!അതാ അമ്മിണിയെ തൊട്ടുരുമ്മി അടുത്തു തന്നെ നിക്കുന്നു നമ്മുടെ കിങ്ങിണി ക്കുട്ടി .അത് കണ്ടതും അമ്മുന്റെ ചുണ്ടുകൾ കൂടുതൽ “റ” ആയി . ഈ കാഴ്ക കണ്ട് അവളറിയാതെ അവിടെ നിന്നുപ്പോയി.

“എന്താ കുട്ടി..!! അതൊക്കെ പിന്നെ നോക്കാം. നേരം പോയി..ഇങ്ങോട്ടു വേഗം നടന്നേ, മോളെ കുളിപ്പിച്ചിട്ട് അമ്മമ്മക്ക് അടുക്കളയിൽ ലേശം പണി കൂടെ ബാക്കിയുണ്ട്….ഹാ …..!!, വാ മോളെ”

അമ്മമ്മ അമ്മുനെ കയ്യിൽ പിടിച്ചു കൊണ്ടു പോയി. അമ്മു സ്വന്തം കവിളിൽ അറിയാതെ ചൊറിഞ്ഞു കൊണ്ട് കൂടെ നടന്നു.

കുളിരുള്ള വെള്ളം ദേഹത്തു വീണപ്പോൾ അവൾ തുള്ളി ചാടി. മെല്ലെ ഒന്നു ചിരിച്ചു അതു കണ്ട് അമ്മമ്മയുടെ മുഖത്തു ഒരു മന്ദഹാസം വിരിഞ്ഞു. അവൾ സോപ്പിൻ പത ഊതി കുമിളകളെ പറത്തി...കുട്ടികുളി കഴിഞ്ഞു, അവളെ തോർത്തിക്കൊണ്ടിരുന്ന അമ്മമ്മക്കു അവളൊരു ചക്കര ഉമ്മയും കൊടുത്തു. തോർത്തു ഉടുപ്പിച്ച് അമ്മമ്മ അവളെ ഒക്കത്ത് വെച്ച് വീടിനകത്തേക്ക് കയറി പോയി.

കൃഷ്ണന്റെ ഫോട്ടോയിൽ വിളക്കിൻ തിരിയുടെ പ്രതിഫലനം! ചന്ദന തിരിയുടെ മണം അന്തരീക്ഷത്തിൽ തങ്ങി നിന്നു..

“ഹരേ രാമാ ഹരേ രാമാ……രാമാ രാമാ ഹരേ ഹരേ….
ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ……കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ….. ”

രണ്ട് വ്യത്യസ്ത സ്വരങ്ങളിൽ നാമജപം ഉയർന്നു...!!

അമ്മു നിലത്തിരുന്ന് സ്ലേയിറ്റിൽ ചിത്രം വരയ്ക്കുന്നു.
മുത്തശ്ശി അടുക്കളയിൽ പപ്പടം ചുടുന്നു.
മോളെ..മോളവിടെ എന്തെടുക്കാ....?? 

“ആ,.. അതൊക്കെ ഇവിടെ വരുമ്പൊ പറയാം , അമ്മമ്മേ... ”

“എന്നാലും എന്താ ചെയ്യണെന്നു അമ്മമ്മയും കൂടെ ഒന്നറിയെട്ടെ !”

“അതൊക്കെ ഉണ്ട് അമ്മമ്മേ...വേഗം ഇങ്ങ് വായോ..അപ്പോ കാണിച്ചു തരാം...!”

“എന്നാ ശരി...അമ്മമ്മ...ദാ വരുന്നു ട്ടൊ. !!

“ഉം......... ” അവൾ മൂളി

“ഇന്നു എന്തൊക്കെയാ അമ്മുനു വേണ്ടി അമ്മമ്മ ഉണ്ടാക്കിയെന്നു അറിയോ മോൾക്കു..??അമ്മുനു എറ്റവും പ്രിയപ്പെട്ട അവിയൽ പിന്നെ മോരു കറി പിന്നെ പപ്പടം ചുട്ടതു പിന്നെ കണ്ണിമാങ്ങാ അച്ചാറ്...!!”

“ഉം...., ഹായ് അവിയലുമുണ്ടോ..!!"

“ആ ഉണ്ടല്ലോ ! എല്ലാം കൂട്ടി ചോറുണ്ട്, അമ്മമ്മ മോൾക്കു കഥ പറഞ്ഞു തരാട്ടൊ....”

“എന്തു കഥയാ അമ്മമ്മേ??”

“ഒരു മിന്നമിനുങ്ങിന്റെ കഥ”

“ശരിക്കും എനിക്ക് മിന്നാമിന്നിയെ ഒത്തിരി ഇഷ്ട്ടാ..”

“അത് അമ്മമ്മക്കു അറിയാലോ!”

“അതെങ്ങനെ അമ്മമ്മ അറിഞ്ഞു?!!”

“എന്റെ ചക്കര കുട്ടനല്ലെ..? പിന്നെ അറിയാതിരിക്കോ ??

അമ്മമ്മ അമ്മുനുള്ള ഭക്ഷണം കൊണ്ട് വന്നു
സ്ലേയ്റ്റിൽ വരച്ച ചിത്രം അമ്മമ്മക്കു നേരെ അമ്മു നീട്ടി. മൂന്നു രൂപങ്ങൾ.!!നടുവിൽ അമ്മു അതു തീർച്ച ..പിന്നെ അപ്പുറവും ഇപ്പുറവും ഉള്ളത്??

“അപ്പോ അമ്മമ്മേ,ഇവർക്കു ഞാൻ ചക്കരക്കുട്ടനല്ലേ ??"

“പിന്നല്ലാതെ....!!"

“പിന്നെ എന്താ അവർക്കു എന്നെ വേണ്ടാത്തെ..?"

കുറച്ച് അചാറും പിന്നെ പപ്പടവും പിന്നെ കറികളും കൂട്ടി അമ്മമ്മ ഒരു കൊച്ചു ഉരുള ഉണ്ടാക്കി.

“ആ.....മോള് വാ തുറന്നേ ….ആ …..അം…. അങ്ങനെ…. മോളെ മിന്നാമിന്നിക്കു വേണല്ലോ.”

“ആണോ .??..ശരിക്കും..?? സത്യമായിട്ടും..??”

“അതെ..ശരിക്കും!! സത്യമായിട്ടും..! കുറ്റാകൂരിരുട്ടിൽ, വഴി തെറ്റി പോയവർക്കു മിന്നാമിന്നി വഴി കാണിക്കാനായി മിന്നി മിന്നി പറന്ന് നടക്കും .”

“എന്നിട്ട്……..?”

“എന്നിട്ട് എന്താ അവർക്കു അവരുടെ വീട്ടിലേക്കുള്ള വഴി കാണിച്ച് കൊടുക്കും..!”

“അപ്പോ എന്റെ അച്ഛനും അമ്മക്കും അവരു വഴി കാണിച്ചു കൊടുക്കോ, അമ്മമ്മേ ..??”

“ഉം…….കാണിച്ച് കൊടുക്കും..........!! “ ഗൌരവഭാവത്തോടെ അമ്മമ്മ ആ കൊച്ചു മനസിന്റെ സംശയമകറ്റി.

“അങ്ങനെ അവസാനത്തെ ഉരുളയും കഴിഞ്ഞു…!!അമ്മു നല്ല കുട്ടിയാണല്ലോ..!!”

ആ കൊച്ചു മിടുക്കി അമ്മമ്മയുടെ മടിയിൽ കിടന്നു. എന്നും അങ്ങനെ തന്നെയാണ് പതിവ്. 
അവളുടെ മിനുസമുള്ള തലമുടി തലോടിക്കൊണ്ട് അമ്മമ്മ ..

“മിന്നാമിന്നികൾ നല്ല സ്നേഹമുള്ളവരാ..അവരു മോൾടെ കൂടെ കളിക്കാനും പാടാനുമോക്കെ വരും എന്റെ ചക്കരയുടെ മുടിയാകെ അവർ അലങ്കരിക്കും അമ്മുന്റെ കൂടെ നൃത്തം വെയ്ക്കും ”

അവളുടെ മിഴികൾ താനെ പൂടി. അവൾ പതുക്കെ മിന്നാമിന്നികളുടെ ലോകത്തേക്കു പറന്നു..

“അമ്മുനെ നോക്കി എത്ര നേരമായി ഞാനിവിടെ നിക്കുന്നു. എന്താ ഇത്ര വൈക്യേ ..?"

മിന്നിമിന്നി കൊണ്ടിരുന്ന  മിന്നാമിനുങ്ങിന്റെ ചോദ്യം കേട്ട് അവളുടെ മിഴികൾ അത്ഭുതം കൊണ്ടു മിഴിച്ചു !

“വാ , അമ്മുനെ കാത്ത് എത്ര പേരാ ഇരിക്കുന്നേന്നു നോക്കിയെ ”

ആ മിന്നാമിനുങ്ങ് തന്റെ കൂട്ടുക്കാരെയെല്ലാം അവൾക്കു പരിചയപ്പെടുത്തി കൊടുത്തു. 

“വാ അമ്മു, നമുക്കു കളിക്കാം “ അവർ അവളെ ക്ഷണിച്ചു ..
അവൾ പെട്ടെന്ന് തന്നെ അവരോട് കൂട്ടായി. അവൾക്കു അവർ ലക്ഷദീപങ്ങൾ തീർത്തു. അവളുടെ ആലസ്യമുള്ള മുടിയെ അവർ അലങ്കരിച്ചു അവളുടെ കൂടെ കണ്ണാരം പൊത്തി കളിച്ചു. പക്ഷെ ഒരോ പ്രാവശ്യവും അമ്മു തന്നെ ജയിച്ചു.!

അവർ മാനത്തു ചിത്രങ്ങൾ വരച്ച് അവളെ രസിപ്പിച്ചു .അവൾ അത്രയേറേ ഇതു വരെ സന്തോഷിചിട്ടില്ല .എല്ലാത്തിനും സാക്ഷിയായി, പാതി വിരിഞ്ഞ ചന്ദ്രനും, പിന്നെ നക്ഷത്രങ്ങളും..പിന്നെ മൂക സാക്ഷിയായി, ഇരുട്ടും!

സമയം അങ്ങനെ നീങ്ങിക്കൊണ്ടിരുന്നു. രാത്രിയുടെ നാലാം യാമവും കഴിഞ്ഞു. സൂര്യൻ കിഴക്ക് തന്റെ സാന്നിദ്ധ്യം അറിയിച്ചപ്പോൾ, അവളെ കൂട്ടിക്കൊണ്ട് വന്ന മിന്നാമിനുങ്ങ് പറഞ്ഞു 

“ഇനി അമ്മുന്റെ കൂടെ കളിക്കാൻ നാളെ വരാം. മോളിപ്പോ തിരിച്ചു പോയിക്കൊ..ഇനിയെല്ലാ രാത്രിയിലും അമ്മുനെ കൂട്ടിക്കൊണ്ട് പോകാൻ ഞാൻ വരും... “

കിങ്ങിണി പശുവിന്റെ കരച്ചിൽ കേട്ടാണ് അവൾ ഉണര്‍ന്നത്. അവൾ മിഴികൾ തിരുമി പുറത്തേക്കിറങ്ങി .അമ്മമ്മ അമ്മിണിയെ കറക്കുന്നു.അവൾ തൊഴുത്തിനടുത്തേക്കു ചെന്നു..

മിന്നാമിന്നികൾ അവൾക്കു നൽകിയ മനോഹര രാത്രിയെ കുറിച്ച് അമ്മമ്മയോടു വാതോരാതെ സംസാരിച്ചു.. അവളുടെ കണ്ണിൽ ആയിരം ആയിരം മിന്നാമിനുങ്ങുകൾ നൃത്തം വയ്ക്കുന്നതായി അമ്മമ്മ കണ്ടു.

10 comments:

  1. ഈ കഥയെ കുറിച്ച് ഞാന്‍ എന്താ പറയുക ....
    ഈ വലിയ അക്ഷരങ്ങള്‍ വളരെ വിഷമിപ്പിക്കുന്നു വായിക്കാന്‍ ..പിന്നെ ഇടയിലെ ഈ നേര്‍ വര ...എന്തോ വല്ലാതെ അലോസരമായി തോനുന്നു ....അതിനു ഇടയില്‍ വര അല്ലാതെ തമ്മില്‍ ഒരു ലിങ്ക് ഉള്ള വരികള്‍ ആയിരുന്നു എന്ന് ആശിക്കുന്നു ....
    എന്നാല്‍
    തികച്ചും വ്യക്തി പരമായ ചിലത് എന്നെ വേദനിപ്പിക്കുന്നു ഇത് വായിക്കുമ്പോള്‍ ....നന്ദി ഇത് പോലെ എന്നെ വീണ്ടും ഓര്‍മ്മിപ്പിച്ചതിനു

    ReplyDelete
  2. നന്നായിട്ടുണ്ട് സ്നേഹെ

    ReplyDelete
  3. ദിലീജ് ,
    ഞാന്‍ മാറ്റിയിട്ടുണ്ട്... അക്ഷരങ്ങളും ഇപ്പോള്‍ വായിക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നു.
    സമയം കണ്ടെത്തി വന്നതില്‍ സന്തോഷം.

    സീന,
    താങ്ക്സ് ഡിയര്‍.

    ReplyDelete
  4. പിന്നെ അപ്പുറവും ഇപ്പുറവും ഉള്ളത്.......... :((((((

    ReplyDelete
  5. ഒരു നോവായ്‌ അമ്മു എന്നുള്ളമുലക്കുന്നു.

    ReplyDelete
  6. കഥ കൊള്ളാം.

    (എന്നാലും എഡിറ്റിംഗ് പോരാ.
    വാക്കുകളെ അതിര് തിരിച്ചു വിടൂ. വാക്യഘടനയില്‍ ശ്രദ്ധിക്കൂ.
    അല്ലേല്‍ കണ്ണൂരാന്‍ പിണങ്ങും)

    ReplyDelete
  7. കൊള്ളാം സ്നേഹ. കുഞ്ഞു മനസ്സിന്റെ കഥ...!

    ReplyDelete
  8. അമ്മുവിന്ടെ കഥ കൊള്ളാം

    ReplyDelete
  9. സജീവേട്ടാ, വന്നു കഥ വായിച്ചതില്‍ സന്തോഷം...:)

    നാമൂസ് , വന്നതില്‍ സന്തോഷം..

    കണ്ണൂരാന്‍ , നന്ദി........തെറ്റുകള്‍ ചൂണ്ടി കാണിച്ചതിന് പ്രത്യേകം നന്ദി.. ഇനി ശ്രദ്ധിക്കാം..:)

    ജയന്‍ ഡോക്ടറെ, നന്ദി...:)

    വാണി ചേച്ചി...സന്തോഷം..:)

    ReplyDelete
  10. katha vayichu manssonnu nonthu...

    ReplyDelete