October 31, 2012

നുറുങ്ങുകൾ

നുണ
-----------------

സൂര്യനും സത്യം..!
ഞാനും സത്യം...!

എന്നാൽ ഞങ്ങളാൽ പിറന്ന നിഴലുകളെ-
-ല്ലാം തന്നെ നുണകളായിരുന്നു.


പാത
--------------------------

ശരികളുടെ രണ്ട് സമാന്തരപാതകൾ
അവ തെറ്റായി പരിണമിക്കും നിമിഷം-
ഒറ്റപാതയായി സഞ്ചരിക്കാൻ തുടങ്ങും.

February 10, 2012

നിറമുള്ള ചിറകുകൾ


ചിത്രങ്ങൾക്ക് ജീവൻ നൽകാനാകുമെന്നു ഒരിക്കൽ പോലും അവൾ നിനച്ചിട്ടുണ്ടായിരുന്നില്ല. രണ്ടാം ക്ലാസിലെ മലയാളപാഠപുസ്തകത്തിലെ അവസാന താളിലെ ‘അമ്മ’ എന്ന കവിത അവളുടെ ഓർമ്മയിൽ നിന്നും മറഞ്ഞീരുന്നു.  എങ്കിലും ആ കവിത മനസിൽ കോറിയിട്ട ചിത്രം മായാതെ മങ്ങാതെ അവളുടെ ഓർമ്മതാളിൽ ഉറങ്ങികിടന്നു. ഓമനത്തമുള്ള, ആർക്കും ലാളിക്കാൻ തോന്നുന്ന രൂപത്തിൽ നിന്നും പതുങ്ങി നടക്കുന്നവളും, വലത്തെ കവിളിലെ നുണക്കുഴിയിൽ നാണം നിറച്ചു ചിരിക്കുന്നവളും, പ്രകൃതിയിലെ എല്ലാ നിറങ്ങളെയും തന്റെ നീണ്ട ചുരുണ്ട മുടിയിൽ ഒളിപ്പിക്കുന്നവളുമായി അവൾ വളർന്ന് കഴിഞ്ഞിരിക്കുന്നു. അതൊടൊപ്പം തന്നെ അവളുടെ മനസിലെ കോറലുകൾക്ക് ആഴമേറി വരികയും ചെയ്തു.

അവൾ ഒരു പൂമ്പാറ്റയെ പോലെ പാറി പറന്നു നടന്നു. ഇഷ്ടമുള്ള വഴികളിലൂടെയെല്ലാം സഞ്ചരിച്ച്, ഇഷ്ടമുള്ള നിറങ്ങളും, സൗരഭ്യവുമുള്ള പൂക്കളിൽ ചെന്നിരുന്ന്  അവയോട് കിന്നാരം പറഞ്ഞു. നിറമില്ലാത്ത മഴയെയും വടക്കൻ കാറ്റിനെയും അവൾ പ്രണയിച്ചു. പക്ഷെ ജീവിതവഴിയിലെ പല വളവുകളും തിരുവുകളും അവളെ അക്ഷമരായി കാത്തിരിക്കുകയായിരുന്നു.

 കൗമാരത്തിൽ അവൾ ഉപരിപഠനത്തിനായി ഇഷ്ടവിഷയം തന്നെ തിരഞ്ഞെടുത്തു. ജീവിതത്തിൽ ആദ്യമായി സ്വന്തം വീട് വിട്ട് പാലമരങ്ങളുടെ നാട്ടിലേക്കു യാത്രയായി. അവിടെ അവളെ വരവേറ്റതു ചീവിടുകളുടെ സംഗീതമായിരുന്നു നീലമലനിരകളെ രണ്ടായി പകുത്തുന്ന ഒരു വെള്ള രേഖ, വിദൂരതയിൽ നിന്നുമുള്ള വെള്ളച്ചാട്ടത്തിന്റെ  ഈ മനോഹരദൃശ്യം അവളുടെയുള്ളിലെ ക്യാൻവാസിൽ പുതുചിത്രമായി പതിഞ്ഞു. പിന്നെയും ഏറെ ദൃശ്യങ്ങൾ അവളുടെ ഓർമ്മയിൽ പതിയാൻ കൊതിച്ചു. അതിലെ ഏറ്റവും മനോഹരമായത് അസ്തമയ സൂര്യനായിരുന്നു. ബസിലെ ജനലരികിലിരുന്ന കണ്ട നെല്പാടത്തിന്റെ കാഴ്ച, പച്ച പട്ട് കാറ്റത്ത് താളത്തിൽ പറക്കുന്ന പ്രതീതി ഉണ്ടാക്കി. ക്ലാസിലെ നാലുപാളിയുള്ള ജനലരികിൽ ഇരുന്ന് കൊണ്ട് അവളുടെ ശ്രദ്ധ അസംഷൻസിന്റെ സാങ്കല്പികലോകത്തു നിന്നു നീലമലകളുടെ മനോഹാരിതയിലേക്കു തിരിഞ്ഞു. ഹോസ്റ്റൽ മുറിയിലെ എത്തിയാൽ പിന്നെ അവളുടെ ശ്രദ്ധ വിഷുകൊന്നപൂക്കളിലും, മുറ്റം നിറഞ്ഞു നിക്കുന്ന മഞ്ഞ ലില്ലി പൂക്കളിലും പിന്നെയെന്നും ഇല പൊഴിക്കുന്ന ആ വലിയ മരത്തിലുമായി. അവൾക്കു പ്രകൃതിയെ അല്ലാതെ മറ്റൊന്നിനെയും ഉൾകൊള്ളാൻ കഴിയാതെ വന്നു. 

പുതിയ സാഹചര്യങ്ങളോടും ചുറ്റുപാടുകളോടും പൊരുത്തപ്പെടാൻ സ്വന്തം മനസിനോട് ഒരു യുദ്ധം തന്നെ നടത്തേണ്ടി വന്നു. പോരാടി ക്ഷീണിച്ച അവൾക്കു, അവളുടെ ചിന്തകളുടെ തരംഗത്തെ പിടിച്ചെടുത്ത രണ്ട് സുഹൃത്തുക്കളെ കൂട്ടായി കിട്ടിയതു വലിയ ആശ്വാസമായി..  എന്നാൽ ക്ഷീണം ഒരു ഗന്ധർവ്വനെ പോലെ അവളൊടൊപ്പം കൂടി. അവളുടെ ശരീരത്തെ വലിഞ്ഞു മുറുക്കി, ഉണർവിനെ ഉറക്കം കൊണ്ട് മൂടി. പതിയെ പ്രിയപ്പെട്ടതിൽ ഒന്നും അവൾക്ക് ശ്രദ്ധ പതിപ്പിക്കാൻ പറ്റാതെ ആയി. എല്ലു പൊളിയുന്ന തരം വേദനകൾ…….,  തെറ്റുന്ന ഹൃദയതാളങ്ങൾ…….!!! താനെ അവൾ അവളിലേക്കു തന്നെ ഒതുങ്ങുകയായിരുന്നു. ദുസ്വപ്നങ്ങൾ അവളെ വേട്ടയാടാൻ തുടങ്ങി. തോറ്റ യോദ്ധാവിനെ പോലെ അവൾ നിസംഗയായി നിന്നു. രോഗം അവളെ കീഴ്പെടുത്തി കഴിഞ്ഞിരുന്നു. ആദ്യം അവളുടെ മനസിനെ , പിന്നെ അവളുടെ ശരീരത്തെ!! മനസ് ഇരുട്ടിൽ നിന്ന് കൂടുതൽ ഇരുട്ടിലേക്ക് സഞ്ചാരം തുടർന്നു കൊണ്ടിരുന്നു. വേദനകൾ അനുസരണയില്ലാത്ത അലറാം പോലെ അവളെ ഉറക്കത്തിൽ നിന്ന് ഉണർത്തുക പതിവായി.

ശരീരമില്ലാത്ത ശബ്ദങ്ങൾ അവളെ പേരെടുത്തു വിളിച്ചു. സൂര്യന്റെ സാന്നിധ്യത്തിൽ അവളെ മാംസഗന്ധവും മണ്ണണയുടെ മണവും  പൊതിഞ്ഞു. ഈ ഗന്ധങ്ങൾ അവൾക്കു സ്വയം തീയിൽ ഉരുകി, നരകജീവിതത്തിൽ നിന്നു രക്ഷപ്പെട്ട അമ്മയുടെ* സാന്നിധ്യമേകി. പൗർണമി രാവുകളിൽ അവളെ മനമയക്കുന്ന സുഗന്ധങ്ങൾ തട്ടിയുണർത്തി. ഇരുട്ടിലേക്കു ഇറങ്ങി ചെല്ലാനും അലിഞ്ഞ് സ്വയം ഇരുട്ടാവാനും അവൾ കൊതിച്ചു. ഉണങ്ങിയ ദിനങ്ങൾ കൊഴിഞ്ഞു കൊണ്ടിരുന്നു. അവളുടെ രാവുകൾക്ക് ദൈർഘ്യം കൂടി വന്നു. വേദനകൾക്ക് രാവെന്നോ പകലെന്നോ ഇല്ലാതായി. അവൾക്കു ആശ്വാസമായിരുന്ന സുഹൃത്തുക്കളും ഒരുനാൾ കുതിരവണ്ടിയിൽ കയറി യാത്രയായി. പൊടി പാറിപ്പിച്ചു    കൊണ്ട് കുതിരകൾ അതിവേഗം പാഞ്ഞു. കുന്നിൻ ചരുവിലെ വളവിനു അപ്പുറത്തേക്കു അവ മറയുന്നതിനു മുൻപെ അവൾ മുഖം തിരിച്ചു നടന്നു.

സഹിക്കെട്ട് അവൾ മരണദേവനെ തേടിയിറങ്ങി.

അവളുടെ അന്വേഷണം ദിവസങ്ങളോളം ആഴ്ചകളോളം മാസങ്ങളോളം നീണ്ടു. ചീറി പായുന്ന വാഹനങ്ങൾക്ക് കാലന്റെ വേഗതയുണ്ടോ…….?, കിണറ്റിലെ വെള്ളത്തിനു മരണത്തിന്റെ തണുപ്പുണ്ടോ....??? ബ്ലേയ്ഡിന്റെ മൂർച്ചയേറിയ തുമ്പിൽ കാലന്റെ കണ്ണിന്റെ തിളക്കമുണ്ടോ.?? ഇങ്ങനെ ചില ചോദ്യങ്ങൾക്കു ഉത്തരം തേടി അവൾ അലഞ്ഞു. പക്ഷെ ദിവസംതോറും അവളുടെ ശരീരത്തിൽ നിന്നു ആരോഗ്യം ചോർന്ന് കൊണ്ടേയിരുന്നു. അവളുടെ കണ്ണിലെ തിളക്കം എവിടെയോ പോയി ഒളിച്ചു. വേദനകൾ കണ്ണാരം പൊത്തി കളിച്ചു. അവസാനം വേദനകളാൽ സാച്ചുറെയ്റ്റഡ് ആയി ഗതികെട്ട പരസഹായത്തിന്റെ തോളിൽ അവൾ നിസഹായയായി  തലചായ്ച്ചു ക്ഷീണിച്ചു കിടന്നു. ഇരുട്ടു നിറഞ്ഞ കിണറ്റിലേക്കു പതുക്കെ ചില സൗഹൃദവള്ളികൾ വളർന്നു പടർന്നിറങ്ങി. അവൾ അതിൽ എത്തിപിടിച്ചു മുകളിലേക്കു വെളിച്ചം ലക്ഷ്യമാക്കി കയറാൻ തുടങ്ങി. പാതി വഴിയിലാണ് പടർന്നത്  പ്രണയമായിരുന്നുവെന്ന്    അവൾ  മനസിലാക്കിയതു. അവളിൽ ആ അറിവ് നല്ല ഉന്മേഷമേകി. എന്നാൽ പിന്നീട് അവയുടെ വേരുകൾക്ക് ശക്തി പകരുന്നതു സഹതാപത്തിന്റെ ജലമാണെന്നു അവൾ തിരിച്ചറിഞ്ഞു. ആ അറിവ് അവളിലെ ഉറങ്ങി കിടന്ന നിരാശയെ തട്ടിയുണർത്തി. ആ രക്ഷാവള്ളികൾ അവൾ സർവ്വശക്തിയും ഉപയോഗിച്ചു ഇരുട്ടിലേക്കു തന്നെ മുറിച്ചിട്ടു.

യമൻ പോലും അവളെ കൈയൊഴിഞ്ഞ വേളയിൽ അവളുടെ മനസിന്റെ ഏതോ കോണിൽ താഴിട്ടു പൂട്ടിയ, രക്ഷ നേടണമെന്ന അതിശക്തമായ ആഗ്രഹത്തെ അവൾ തിരിച്ചറിഞ്ഞു. അവളുടെ കൂടപിറപ്പു ആ താഴ് തുറക്കാൻ അവളെ സഹായിച്ചു. നേരിയ പ്രകാശം തുരുമ്പെടുത്ത വാസനയുടെ മേൽ പതിച്ചു പ്രതിഫലിച്ചു.  അവൾക്ക് അനുഗ്രഹമായി ചിത്രം വര, അതു പ്രാർഥനയായി. പിന്നെയതു  ധ്യാനമായി. അവൾ ചത്രങ്ങൾക്കിടയിലേക്കു ലയിച്ചു  സ്വയം മറന്നു ഇരുന്നു.. അവളിൽ പതിയെ ശൂന്യത വന്നു നിറയാൻ തുടങ്ങി. ആ കുളിർമ്മയിൽ അവളുടെ മനസു ശാന്തമായി. വേദനകളെ അവളുടെ മനസും ശരീരവും ഉൾകൊള്ളാൻ തയ്യാറായി. വര വേദനയെ അകറ്റി നിർത്തുന്ന ഔഷധമായി മാറി. അവളുടെ മനസ്, അനന്ത നീലാകാശത്തിൽ വെള്ള ചിറകുകൾ ഇട്ടടിച്ചു സൂര്യപ്രകാശമേറ്റു മെല്ലെ പറക്കാൻ കൊതിച്ചു. രാപൂവിന്റെ ഗന്ധമാസ്വാദിച്ചു ഇരുട്ടിലേക്ക് അലിഞ്ഞിറങ്ങാൻ അവൾ മോഹിച്ചു.

കറുപ്പിലും വെളുപ്പിലും അവളിൽ മഴ ചാറി തുടങ്ങി. ആ കുളിർമ്മ അവൾക്കു പുതിയ ഊർജ്ജം നൽകി. പിന്നെ പെയ്തതു വർണ്ണമഴയായിരുന്നു. അതു തോരാതെ അവളിൽ പെയ്തുകൊണ്ടിരിക്കുന്നു.. സൂര്യപ്രകാശത്തിൽ കിഴക്കെ മാനത്തു മാരിവില്ല് തെളിഞ്ഞു. അവളുടെ കണ്ണുകളിൽ അവ അപൂർവമായ പ്രഭ ചൊരിഞ്ഞു. അവളുടെ നുണകുഴിയിൽ ചായങ്ങൾ നിറഞ്ഞു. അവളുടെ മനസിലിപ്പോഴും  ആദ്യം പതിഞ്ഞ ചിത്രം ചിത്രമായി തന്നെ തുടിച്ചു നിക്കുന്നുണ്ട്, ഒരു മോചനവും  കാത്ത്.


* അമ്മ - അമ്മയുടെ അമ്മ