December 05, 2011

മഞ്ഞപൂവ്

കാര്‍വര്‍ണ്ണന്റെ  ഉടയാട തന്‍ നിറമുള്ള കുഞ്ഞിപൂവേ
സൂര്യഭഗവാന്റെ ആരാധികേ
പകരുന്നില്ല നീ സൗരഭ്യമെങ്കിലും
പകരുന്നു നീ എന്‍ മിഴികള്‍ക്ക് ആനന്ദം
എന്‍ മനം നിറയെ നീ മാരിവില്ല് കോറിയിടുന്നു

സൂര്യ തേജസ് നീ കണ്‍ കുളിര്‍ക്കെ ആസ്വദിക്കുന്നു
അന്ത്യത്തില്‍ നിന്‍ ആരാധ്യപുരുഷന്‍ നിന്നെ തളര്‍ത്തുന്നു,
നിന്നുള്ളിലെ അവസാന നീര്‍ത്തുള്ളി വറ്റും വരെ
നീ ആ തേജോന്മുഖനെ സ്നേഹിക്കുന്നു , ആരാധിക്കുന്നു
നിന്‍ ജീവിതം സഫലമായീ കുഞ്ഞിപൂവേ
നിനക്ക് ചുറ്റുമുള്ളവര്‍ക്ക് സന്തോഷം നല്‍കിയതിനാല്‍ ......!
സ്നേഹം നല്‍കിയതിനാല്‍ ......!


(ഒന്നര വര്‍ഷം മുന്‍പ് എഴുതിയത് )

October 03, 2011

ചില്ലുകൂട്

സ്വയം തീര്‍ത്ത തടവറയീ തെളിഞ്ഞഗോളം
ദര്‍ശിച്ചു ഞാന്‍ വിവിധവര്‍ണ്ണകാഴ്ചകള്‍,
മായക്കാഴ്ചകള്‍, ഭീതികാഴ്ചകള്‍
ദൃഷ്ടിയോളങ്ങള്‍ പാഞ്ഞോടി മനസ്സിന്‍ക്കൂട്ടിലേക്ക് !
കൂട്ടിയിടിച്ചും, ദിശമാറിയും,
വേഗത കൂടിയും, കുറഞ്ഞും-
അവയുടെ നിലയ്ക്കാത്ത സഞ്ചാരം.
ചിന്താതരംഗങ്ങള്‍ എന്നില്‍ ചിരിയുണര്‍ത്തി,
അതിലിരട്ടി തേങ്ങലുകള്‍ എന്നില്‍നിന്നുണര്‍ന്നു,
അവയുടെ പ്രതിധ്വനികള്‍ സ്വീകരിക്കാന്‍ ഞാന്‍ ഏകായായിരുന്നു !
വീര്‍പ്പുമുട്ടിക്കുന്നു എന്നെയെന്‍ ശ്വാസനിശ്വാസങ്ങള്‍,
അവ തീര്‍ത്ത പാളികളെ കാലം സാന്ദ്രമാക്കികൊണ്ടിരുന്നു
കാഴ്ചകള്‍ മങ്ങി തുടങ്ങി.

ഞാനിപ്പോള്‍ അപാരദര്‍ശി......!!!
ഇനിയെന്നില്‍ ദര്‍ശിക്കാനാകുന്നത് പ്രതിഫലനം മാത്രം.....!
എന്നാലിനിയീ ആവരണം അടര്‍ത്തിമാറ്റാനാകില്ല..
പക്ഷെ എനിക്ക് മോചനം വേണം.എനിക്ക് അനന്തവിഹായസിലേക്ക് പറക്കണം..
ഇനിയുമേറെ കാഴ്ചകള്‍ കാണണം...
ഈ ചില്ലുകൂട് ഒന്ന് പൊട്ടി ചിതറിയെങ്കില്‍......!!!


image source :http://www.odilon-redon.org/Ophelia-1900-1905.jpg

September 04, 2011

മൗനം പറയാതെ പറയുന്നത്.

ഓര്‍മ്മയില്‍ തളംകെട്ടി നിക്കുന്ന നിശബ്ദത, സ്കൂളിൾ(ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍) നിന്നു എക്സ്കേർഷൻ പോയപ്പോ വിവേകാനന്ദ പാറയിൽ വിവേകാനന്ദൻ ധ്യാനത്തിൽ ഇരുന്ന ഇരുട്ടു മുറിയിലെതാണ്. പിന്നെ രണ്ട് വർഷം മുൻപു കുതിര മാളികയിൽ പോയപ്പോൾ അവിടുത്തെ ഇരുണ്ട ഇടനാഴികളിൽ…..തിളക്കമാർന്ന തറയിൽ, മടിചെത്തുന്ന വെളിച്ചം പതിപ്പിക്കുന്ന പ്രതിബിംബങ്ങൾ….ഒരു കാലത്തു നൃത്തവും സംഗീതവും കൊണ്ട് മുകരിതമായ അറകള്‍. ആ ശബ്ദങ്ങളുടെ പ്രതിധ്വനികൾക്കു വേണ്ടി ഞാൻ കാതോർത്തു… എവിടെനിന്നെങ്കിലും ഒരു സ്വാതിതിരുനാൾ കീർത്തനം ഒഴുകി വന്നീരുന്നെങ്കിലോ…എന്നാശിച്ചു.

ചരിത്രം ഉറങ്ങി കിടക്കുന്ന രണ്ടിടങ്ങളിലും എനിക്കൊരു പ്രത്യേക ആനന്ദം അനുഭവിക്കാൻ കഴിഞ്ഞു. ആ നിശബ്ദത എന്നെ ഇപ്പോഴും അതിലേക്കു ആകർഷിച്ചു കൊണ്ടേയിരിക്കുന്നു.

പിന്നീട് മെഡിട്ടേഷൻ ചെയ്തപ്പോഴും മൗനം ഒരുപാടു സംസാരിക്കുന്നതായി അനുഭവപ്പെട്ടു.ചിന്തകൾ ഇല്ലാതെ………ശൂന്യമായ അവസ്ഥയിലേക്കു മനസു അല്ലെങ്കിൽ ആത്മാവു എത്തിപ്പെടുന്ന ഒരു അവസ്ഥ അകത്തും പുറത്തും നിശബ്ദത മാത്രം…..മനസു തെളിഞ്ഞ തണ്ണീർതടാകം പോൽ…….ശാന്തം സുന്ദരം………

പ്രണയം….പരിഭവം…..അങ്ങനെ ഒരുപാട് അർത്ഥങ്ങൾ മൗനത്തിൽ ഒളിഞ്ഞു കിടക്കുന്നു. ഒരുപക്ഷെ ഒരോ പ്രായത്തിലും അതിനു പല വ്യാപ്തികളായിരിക്കാം….

മൗനത്തിനു വാചാലതയെക്കാൾ പതിന്മടങ്ങു ശക്തി ഉണ്ട്..നാവിനെക്കാൾ മൂർച്ചയുണ്ട്…അങ്ങനെ നോക്കുമ്പോൾ മൗനവ്രതം എത്ര മാത്രം ശക്തിയുള്ളതായിരിക്കും.………!!

July 03, 2011

മിന്നാമിന്നി

അവളുടെ നിഷ്കളങ്ക മിഴികൾ പടിപ്പുരയിൽ നിന്നും പാടവരമ്പിൽ കൂടെ അങ്ങു ദൂരെ സഞ്ചരിച്ചു..! അവളുടെ ചുണ്ടിൽ പരിഭവത്തിന്റെ ലാഞ്ചന. അനുസരണയില്ലാത്ത മുടി അലക്ഷ്യമായി പാറി പറന്നു കിടന്നു.

“നേരം ഇരുട്ടി തുടങ്ങിയല്ലോ അമ്മു, വാ പോരെ. ഇനി ഇന്നു അവരു വരുമെന്ന് തോന്നണില്ല്യ. മോളു വാ അമ്മമ്മ അമ്മുക്കുട്ടിക്ക് കഥ പറഞ്ഞു തരാം. ആദ്യം വിളക്കു വെച്ച്. പിന്നെ നാമം ചൊല്ലി എന്നിട്ടു പിന്നെ ചോറുണ്ടിട്ട് നല്ലോരു കഥ പറഞ്ഞു തരാം, മോളു വാ ”അമ്മുനേം കൂട്ടി അമ്മമ്മ തൊഴുത്തിന്റെ ഭാഗത്തു കൂടെ, കിണറ്റിൻക്കരയിലേക്കു നടന്നു.

അവളുടെ മിഴികൾ കാടിവെള്ളം കുടിക്കുന്ന അമ്മിണി പശുനെ തേടി പോയി. വളരെ രുചിയോടെ, ആസ്വദിച്ച് തന്നെ അവൾ അവളുടെ അത്താഴം ഭക്ഷിക്കുന്നു. കണ്ടിട്ടു അവൾക്കും കൊതിയായി പോയി..!!അതാ അമ്മിണിയെ തൊട്ടുരുമ്മി അടുത്തു തന്നെ നിക്കുന്നു നമ്മുടെ കിങ്ങിണി ക്കുട്ടി .അത് കണ്ടതും അമ്മുന്റെ ചുണ്ടുകൾ കൂടുതൽ “റ” ആയി . ഈ കാഴ്ക കണ്ട് അവളറിയാതെ അവിടെ നിന്നുപ്പോയി.

“എന്താ കുട്ടി..!! അതൊക്കെ പിന്നെ നോക്കാം. നേരം പോയി..ഇങ്ങോട്ടു വേഗം നടന്നേ, മോളെ കുളിപ്പിച്ചിട്ട് അമ്മമ്മക്ക് അടുക്കളയിൽ ലേശം പണി കൂടെ ബാക്കിയുണ്ട്….ഹാ …..!!, വാ മോളെ”

അമ്മമ്മ അമ്മുനെ കയ്യിൽ പിടിച്ചു കൊണ്ടു പോയി. അമ്മു സ്വന്തം കവിളിൽ അറിയാതെ ചൊറിഞ്ഞു കൊണ്ട് കൂടെ നടന്നു.

കുളിരുള്ള വെള്ളം ദേഹത്തു വീണപ്പോൾ അവൾ തുള്ളി ചാടി. മെല്ലെ ഒന്നു ചിരിച്ചു അതു കണ്ട് അമ്മമ്മയുടെ മുഖത്തു ഒരു മന്ദഹാസം വിരിഞ്ഞു. അവൾ സോപ്പിൻ പത ഊതി കുമിളകളെ പറത്തി...കുട്ടികുളി കഴിഞ്ഞു, അവളെ തോർത്തിക്കൊണ്ടിരുന്ന അമ്മമ്മക്കു അവളൊരു ചക്കര ഉമ്മയും കൊടുത്തു. തോർത്തു ഉടുപ്പിച്ച് അമ്മമ്മ അവളെ ഒക്കത്ത് വെച്ച് വീടിനകത്തേക്ക് കയറി പോയി.

കൃഷ്ണന്റെ ഫോട്ടോയിൽ വിളക്കിൻ തിരിയുടെ പ്രതിഫലനം! ചന്ദന തിരിയുടെ മണം അന്തരീക്ഷത്തിൽ തങ്ങി നിന്നു..

“ഹരേ രാമാ ഹരേ രാമാ……രാമാ രാമാ ഹരേ ഹരേ….
ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ……കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ….. ”

രണ്ട് വ്യത്യസ്ത സ്വരങ്ങളിൽ നാമജപം ഉയർന്നു...!!

അമ്മു നിലത്തിരുന്ന് സ്ലേയിറ്റിൽ ചിത്രം വരയ്ക്കുന്നു.
മുത്തശ്ശി അടുക്കളയിൽ പപ്പടം ചുടുന്നു.
മോളെ..മോളവിടെ എന്തെടുക്കാ....?? 

“ആ,.. അതൊക്കെ ഇവിടെ വരുമ്പൊ പറയാം , അമ്മമ്മേ... ”

“എന്നാലും എന്താ ചെയ്യണെന്നു അമ്മമ്മയും കൂടെ ഒന്നറിയെട്ടെ !”

“അതൊക്കെ ഉണ്ട് അമ്മമ്മേ...വേഗം ഇങ്ങ് വായോ..അപ്പോ കാണിച്ചു തരാം...!”

“എന്നാ ശരി...അമ്മമ്മ...ദാ വരുന്നു ട്ടൊ. !!

“ഉം......... ” അവൾ മൂളി

“ഇന്നു എന്തൊക്കെയാ അമ്മുനു വേണ്ടി അമ്മമ്മ ഉണ്ടാക്കിയെന്നു അറിയോ മോൾക്കു..??അമ്മുനു എറ്റവും പ്രിയപ്പെട്ട അവിയൽ പിന്നെ മോരു കറി പിന്നെ പപ്പടം ചുട്ടതു പിന്നെ കണ്ണിമാങ്ങാ അച്ചാറ്...!!”

“ഉം...., ഹായ് അവിയലുമുണ്ടോ..!!"

“ആ ഉണ്ടല്ലോ ! എല്ലാം കൂട്ടി ചോറുണ്ട്, അമ്മമ്മ മോൾക്കു കഥ പറഞ്ഞു തരാട്ടൊ....”

“എന്തു കഥയാ അമ്മമ്മേ??”

“ഒരു മിന്നമിനുങ്ങിന്റെ കഥ”

“ശരിക്കും എനിക്ക് മിന്നാമിന്നിയെ ഒത്തിരി ഇഷ്ട്ടാ..”

“അത് അമ്മമ്മക്കു അറിയാലോ!”

“അതെങ്ങനെ അമ്മമ്മ അറിഞ്ഞു?!!”

“എന്റെ ചക്കര കുട്ടനല്ലെ..? പിന്നെ അറിയാതിരിക്കോ ??

അമ്മമ്മ അമ്മുനുള്ള ഭക്ഷണം കൊണ്ട് വന്നു
സ്ലേയ്റ്റിൽ വരച്ച ചിത്രം അമ്മമ്മക്കു നേരെ അമ്മു നീട്ടി. മൂന്നു രൂപങ്ങൾ.!!നടുവിൽ അമ്മു അതു തീർച്ച ..പിന്നെ അപ്പുറവും ഇപ്പുറവും ഉള്ളത്??

“അപ്പോ അമ്മമ്മേ,ഇവർക്കു ഞാൻ ചക്കരക്കുട്ടനല്ലേ ??"

“പിന്നല്ലാതെ....!!"

“പിന്നെ എന്താ അവർക്കു എന്നെ വേണ്ടാത്തെ..?"

കുറച്ച് അചാറും പിന്നെ പപ്പടവും പിന്നെ കറികളും കൂട്ടി അമ്മമ്മ ഒരു കൊച്ചു ഉരുള ഉണ്ടാക്കി.

“ആ.....മോള് വാ തുറന്നേ ….ആ …..അം…. അങ്ങനെ…. മോളെ മിന്നാമിന്നിക്കു വേണല്ലോ.”

“ആണോ .??..ശരിക്കും..?? സത്യമായിട്ടും..??”

“അതെ..ശരിക്കും!! സത്യമായിട്ടും..! കുറ്റാകൂരിരുട്ടിൽ, വഴി തെറ്റി പോയവർക്കു മിന്നാമിന്നി വഴി കാണിക്കാനായി മിന്നി മിന്നി പറന്ന് നടക്കും .”

“എന്നിട്ട്……..?”

“എന്നിട്ട് എന്താ അവർക്കു അവരുടെ വീട്ടിലേക്കുള്ള വഴി കാണിച്ച് കൊടുക്കും..!”

“അപ്പോ എന്റെ അച്ഛനും അമ്മക്കും അവരു വഴി കാണിച്ചു കൊടുക്കോ, അമ്മമ്മേ ..??”

“ഉം…….കാണിച്ച് കൊടുക്കും..........!! “ ഗൌരവഭാവത്തോടെ അമ്മമ്മ ആ കൊച്ചു മനസിന്റെ സംശയമകറ്റി.

“അങ്ങനെ അവസാനത്തെ ഉരുളയും കഴിഞ്ഞു…!!അമ്മു നല്ല കുട്ടിയാണല്ലോ..!!”

ആ കൊച്ചു മിടുക്കി അമ്മമ്മയുടെ മടിയിൽ കിടന്നു. എന്നും അങ്ങനെ തന്നെയാണ് പതിവ്. 
അവളുടെ മിനുസമുള്ള തലമുടി തലോടിക്കൊണ്ട് അമ്മമ്മ ..

“മിന്നാമിന്നികൾ നല്ല സ്നേഹമുള്ളവരാ..അവരു മോൾടെ കൂടെ കളിക്കാനും പാടാനുമോക്കെ വരും എന്റെ ചക്കരയുടെ മുടിയാകെ അവർ അലങ്കരിക്കും അമ്മുന്റെ കൂടെ നൃത്തം വെയ്ക്കും ”

അവളുടെ മിഴികൾ താനെ പൂടി. അവൾ പതുക്കെ മിന്നാമിന്നികളുടെ ലോകത്തേക്കു പറന്നു..

“അമ്മുനെ നോക്കി എത്ര നേരമായി ഞാനിവിടെ നിക്കുന്നു. എന്താ ഇത്ര വൈക്യേ ..?"

മിന്നിമിന്നി കൊണ്ടിരുന്ന  മിന്നാമിനുങ്ങിന്റെ ചോദ്യം കേട്ട് അവളുടെ മിഴികൾ അത്ഭുതം കൊണ്ടു മിഴിച്ചു !

“വാ , അമ്മുനെ കാത്ത് എത്ര പേരാ ഇരിക്കുന്നേന്നു നോക്കിയെ ”

ആ മിന്നാമിനുങ്ങ് തന്റെ കൂട്ടുക്കാരെയെല്ലാം അവൾക്കു പരിചയപ്പെടുത്തി കൊടുത്തു. 

“വാ അമ്മു, നമുക്കു കളിക്കാം “ അവർ അവളെ ക്ഷണിച്ചു ..
അവൾ പെട്ടെന്ന് തന്നെ അവരോട് കൂട്ടായി. അവൾക്കു അവർ ലക്ഷദീപങ്ങൾ തീർത്തു. അവളുടെ ആലസ്യമുള്ള മുടിയെ അവർ അലങ്കരിച്ചു അവളുടെ കൂടെ കണ്ണാരം പൊത്തി കളിച്ചു. പക്ഷെ ഒരോ പ്രാവശ്യവും അമ്മു തന്നെ ജയിച്ചു.!

അവർ മാനത്തു ചിത്രങ്ങൾ വരച്ച് അവളെ രസിപ്പിച്ചു .അവൾ അത്രയേറേ ഇതു വരെ സന്തോഷിചിട്ടില്ല .എല്ലാത്തിനും സാക്ഷിയായി, പാതി വിരിഞ്ഞ ചന്ദ്രനും, പിന്നെ നക്ഷത്രങ്ങളും..പിന്നെ മൂക സാക്ഷിയായി, ഇരുട്ടും!

സമയം അങ്ങനെ നീങ്ങിക്കൊണ്ടിരുന്നു. രാത്രിയുടെ നാലാം യാമവും കഴിഞ്ഞു. സൂര്യൻ കിഴക്ക് തന്റെ സാന്നിദ്ധ്യം അറിയിച്ചപ്പോൾ, അവളെ കൂട്ടിക്കൊണ്ട് വന്ന മിന്നാമിനുങ്ങ് പറഞ്ഞു 

“ഇനി അമ്മുന്റെ കൂടെ കളിക്കാൻ നാളെ വരാം. മോളിപ്പോ തിരിച്ചു പോയിക്കൊ..ഇനിയെല്ലാ രാത്രിയിലും അമ്മുനെ കൂട്ടിക്കൊണ്ട് പോകാൻ ഞാൻ വരും... “

കിങ്ങിണി പശുവിന്റെ കരച്ചിൽ കേട്ടാണ് അവൾ ഉണര്‍ന്നത്. അവൾ മിഴികൾ തിരുമി പുറത്തേക്കിറങ്ങി .അമ്മമ്മ അമ്മിണിയെ കറക്കുന്നു.അവൾ തൊഴുത്തിനടുത്തേക്കു ചെന്നു..

മിന്നാമിന്നികൾ അവൾക്കു നൽകിയ മനോഹര രാത്രിയെ കുറിച്ച് അമ്മമ്മയോടു വാതോരാതെ സംസാരിച്ചു.. അവളുടെ കണ്ണിൽ ആയിരം ആയിരം മിന്നാമിനുങ്ങുകൾ നൃത്തം വയ്ക്കുന്നതായി അമ്മമ്മ കണ്ടു.

May 25, 2011

തേടല്‍

ഞാൻ തേടുന്നതു നിന്റെ ചുണ്ടുകളെയല്ല
നിന്റെ താരാട്ടിനെയാണ്..

നിന്റെ കൈകളെയല്ല
നിന്റെ സ്പർശത്തെയാണ്..

നിന്റെ ദേഹത്തെയല്ല
നിന്റെ ദേഹിയെയാണ്…

നിന്നെയല്ല
നിന്റെ സ്നേഹത്തെയാണ്….!
(ഇവിടെ നീ അമ്മയാവാം , കാമുകനാവാം , ഈശ്വരനുമാവാം)

April 12, 2011

ചിത്രകന്യക

വരച്ച്  വരച്ച് ചിത്രങ്ങള്‍ കൂമ്പാരമായി .
ചായങ്ങള്‍, ചുമരു നിറയെ വര്‍ണ്ണങ്ങള്‍ത്തീര്‍ത്തു .
നിലമാകെ അവ ചിതറി തെറിച്ചു..
ചിന്തയിലും ദേഹിയിലും അവ കലര്‍ന്നലിഞ്ഞു
വിയര്‍പ്പുതുള്ളികള്‍ കുങ്കുമത്തെ ഒലിച്ചിറക്കി
മുടിയഴകള്‍ക്കെട്ടിപുണര്‍ന്നു........!!!

ഒരുനാള്‍ ചിത്രങ്ങള്‍ക്ക്  ചിറകു വിരിഞ്ഞു 
അവള്‍ക്കു ചുറ്റും അവ പറന്നുനടന്നു.
ചായങ്ങള്‍ മഴയായി അവളില്‍ പെയ്തിറങ്ങി  
അവയ്ക്കുനടുവില്‍ അവളേകയായിരുന്നു 
പിന്നെയവള്‍  വിഷാദമിഴികള്ളുളൊരു ചിത്രമായി പരിണമിച്ചു .
ചിത്രം  കടപ്പാട് : google

March 24, 2011

രണ്ടു മരങ്ങള്‍

നിരന്തരം ഒഴുകുകയല്ലോ..  ഈ  നീര്‍ച്ചോല  നമ്മുക്കിടയില്‍ 
 ഏറെകാലമായി  നില്‍ക്കുകയല്ലോ  ഒരേ കുടകീഴില്‍ നാം ..
 പ്രഭാതകിരണങ്ങള്‍  തൊട്ടു  ഉണര്‍ത്തുന്നുവല്ലോ  നമ്മെ  ...
കുളിര്‍നിശയില്‍ ചീവിടിന്‍ നാദം ഉറക്കീടുന്നല്ലോ നമ്മെ  .

നിന്നെ സ്പര്‍ശിക്കാന്‍  ദശാബ്ദങ്ങളായി കൊതിപ്പൂ  ഞാന്‍ 
കരുത്തേകുന്നു   ഈ പുളിനവും , പിന്നെയീ സൂര്യപ്രകാശവും
എന്‍  സന്ദേശം  നിന്‍  കാതുകളില്‍ എത്തിക്കുന്നുവല്ലോ  കുളിര്‍തെന്നല്‍
 അക്ഷണം നീ  പുളകിതയായി  നൃത്തം വെയ്ക്കുന്നുവല്ലോ ..

നിന്‍ നയനരശ്മികള്‍  അവസാനിക്കുന്നത്‌  എന്നിലും  ...
എന്റെ  നിന്നിലും...
ആണ്ടുകളായി  നിന്‍  ശിഖിരസ്പര്‍ശനത്തിനായി കാത്തിരിപ്പൂ ഞാന്‍ .
ജലമോഴുകെട്ടെ ...അപാരമായി ...!!
പ്രകാശക്കിരണങ്ങള്‍  പതിയെട്ടെ...അനന്തമായി...!!March 03, 2011

ഓര്‍മ്മകള്‍

ഓര്‍മകളാല്‍ ഓര്‍മ്മകള്‍ മൂടപ്പെടുന്നു 
ചിലപ്പോള്‍ പരക്കുന്നു സുഗന്ധം....
മറ്റുചിലപ്പോള്‍ ദുര്‍ഗന്ധവും ...
അവയ്ക്ക് മീതെ വീണ്ടും ഓര്‍മ്മകള്‍..
ഓര്‍മ്മകള്‍ മാത്രം..!January 13, 2011

നിശാഗന്ധി

---------------------നിശാഗന്ധി ---------------------------

സൂര്യാഭാവത്തില്‍, പാതിരാത്രിയില്‍ 
വളരെ വൈകി വിടര്‍ന്ന, നിശാഗന്ധി ഞാന്‍ 
ആകൃഷ്ടനായി നീ എന്‍ സൗരഭ്യത്തില്‍ 
എന്റെ വെണ്മയില്‍, എന്റെ വശ്യഗന്ധത്തില്‍ 
നീ മതി മറന്നു പോയി, സ്വയം മറന്നു പോയി..

നിന്റെ അധരങ്ങള്‍, എന്നില്‍ ഒരു കോടി ഹിമകണങ്ങള്‍ ചൊരിഞ്ഞു 
ഓരോ ഹിമബിന്ദുവിലും നിന്‍ സ്നേഹത്തിന്‍ കൈയ്യൊപ്പ്
അവ പതിഞ്ഞത് എന്‍ ഹൃദയത്തിലും 
നിന്‍ നാസിക ദ്വാരങ്ങളിലൂടെ ഞാന്‍
നിന്‍ ഹൃദയത്തില്‍ കയറികൂടി, ഞാന്‍ പോലും അറിയാതെ..
അവിടെ നിന്‍ രക്തത്തിന്റെ 
സ്നേഹരക്തത്തിന്റെ, സുഖമുള്ള ചൂട്‌
സുഖമുള്ളോരനുഭുതി.....

പക്ഷെ എനിക്ക് എന്നില്ലേക്ക് മടങ്ങിയെ തീരൂ
ഒരു പുതുപുലരിയെ വരവേല്‍ക്കാനായി 
നിന്‍ ഹൃദയത്തില്‍ നിന്നടര്‍ന്നെ മതിയാവു..
ഈ വശ്യഗന്ധം നീ മറന്നേ തീരൂ
മഞ്ഞു പെയ്യുന്ന, നിലാവാലലങ്കൃതമായ നിശയുടെ 
മടിത്തട്ടില്‍ സമര്‍പ്പിക്കു നിന്റെ മധുരസ്മൃതികളെ 
അവയെന്നും എന്റെ ദളങ്ങളാല്‍ പൂജിക്കപെടും 
മടങ്ങു നീ ഇനി സസന്തോഷം.....!

(സുഹൃത്തുക്കളെ നിങ്ങളുടെ അഭിപ്രായങ്ങള്‍ മാനിച്ചു ഞാന്‍ നിശാഗന്ധിയെ ഒന്ന് തിരുത്തി...ഇനി പറയു....)
ചിത്രം : ഗൂഗിള്‍